| Tuesday, 23rd April 2019, 7:52 pm

മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്നും രണ്ടോ മൂന്നോ ദിവസത്തേക്ക് വിലക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിയും വരാണസിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിയെ രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതില്‍ നിന്നും വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്. തുടര്‍ച്ചയായി മാതൃകാ പെരുമാറ്റം ചട്ടം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറയുന്നു.

‘ഇന്ന് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയ ശേഷം നീണ്ട ഘോഷയാത്ര നടത്തി പ്രസംഗിച്ചു. ഇത്രയും വ്യക്തമായി ഇതുവരെ മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടിട്ടില്ല. മോദി വളരെ സാധാരണയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നു. അദ്ദേഹത്തെ പ്രചാരണ പരിപാടികളില്‍ നിന്നും 48 മുതല്‍ 78 മണിക്കൂര്‍ വരെ വിലക്കാന്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്’- സിംഗ്‌വി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

അഹ്മദാബാദില്‍ തന്റെ വോട്ടു രേഖപ്പെടുത്തിയതിന് പിന്നാലെ പോളിംഗ് ബൂത്തില്‍ വെച്ച് തീവ്രവാദത്തിന്റെ ആയുധം ഐ.ഇ.ഡി എന്നതു പോലെ ജനാധിപത്യത്തിന്റെ ശക്തി വോട്ടര്‍ ഐ.ഡി ആണെന്ന് മോദി പറഞ്ഞിരുന്നു. കുമ്പമേളയില്‍ ഗംഗയില്‍ മുങ്ങുന്ന പ്രതീതിയാണ് വോട്ട് ചെയ്തപ്പോള്‍ തനിക്കുണ്ടായതെന്നും മോദി പറഞ്ഞിരുന്നു.

അതേസമയം, കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതി പറഞ്ഞെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കോടതി അലക്ഷ്യമാണെന്ന ബി.ജെ.പി പരാതിയില്‍ കോടതി രാഹുല്‍ ഗാന്ധിക്ക് ഇന്ന് കോടതി നോട്ടീസ് അയച്ചിരുന്നു. സംഭവത്തില്‍ രാഹുല്‍ മാപ്പ് പറഞ്ഞെങ്കിലും തുടര്‍നടപടിയുമായി മുന്നോട്ടു പോകാന്‍ കോടതി തീരുമാനക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച മാര്‍ച്ച് 10 മുതലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃക പെരുമാറ്റ ചട്ടം നടപ്പിലാക്കിയത്. ഏഴു ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫലം മെയ് 23ന് പുറത്തു വരും.

Latest Stories

We use cookies to give you the best possible experience. Learn more