Advertisement
Political Violance
ആര്‍.എസ്.എസുകാരോട് കത്തി താഴെയിടാന്‍ നരേന്ദ്രമോദി ഉപദേശിക്കണം; മനുഷ്യരെക്കൊല്ലാന്‍ പുതിയ രീതികളുമായാണ് ആര്‍.എസ്.എസ് പരിശീലനമെന്നും കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 08, 11:53 am
Tuesday, 8th May 2018, 5:23 pm

കണ്ണൂര്‍: കേരളത്തിലെ ആര്‍.എസ്.എസുകാരോട് കൊലക്കത്തി താഴെ വെക്കാന്‍ നരേന്ദ്രമോദി ഉപദേശിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും സംസ്ഥാന വ്യാപകമായി സമാധാനപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

ആര്‍.എസ്.എസുകാര്‍ കേന്ദ്രഭരണത്തിന്റെ തണലില്‍ ആക്രമണ പരമ്പരകള്‍ തുടരുകയാണ്. ജനങ്ങളെ ഭയവിഹ്വലരാക്കി പ്രകോപനാന്തരീക്ഷം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാനു്ള്ള ഗൂഢ പദ്ധതിയുടെ ഭാഗമായിട്ടാണ് കണ്ണൂരില്‍ സി.പി.ഐ.എം നേതാവായ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊന്നത്. കണ്ണൂരില്‍ സമാധാനം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമം. ഒരു പ്രകോപനവുമില്ലാതെ വീട്ടിലേക്ക് പോവും വഴിയാണ് ബാബുവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൂത്ത് പറമ്പിലെ തൊക്കിലങ്ങാടിയില്‍ ആര്‍.എസ്.എസ് ശിബിരത്തില്‍ ആസൂത്രണം ചെയ്ത കാര്യമാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയതെന്നും കോടിയേരി ആരോപിച്ചു.

പുതിയ രീതിയിലുള്ള പരിശീലനങ്ങളാണ് മനുഷ്യനെ കൊല്ലാന്‍ ആര്‍.എസ്.എസ് നല്‍കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആര്‍.എസ്.എസുകാര്‍ ഇതുവരെ 15 സി.പി.ഐ.എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയതെന്നും കോടിയേരി പറഞ്ഞു.