ന്യൂദല്‍ഹി: കായിക താരങ്ങളുമായി വ്യാഴാഴ്ച നടത്തിയ ഫിറ്റ് ഇന്ത്യ സംവാദത്തില്‍ മുരിങ്ങ കൊണ്ടുള്ള റെസിപി പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുരിങ്ങ കൊണ്ട് താന്‍ ഉണ്ടാക്കാറുള്ള പറാത്ത (ഉത്തരേന്ത്യന്‍ പോറോട്ട)യെയാണ് മോദി സംവാദത്തിനിടെ പരിചയപ്പെടുത്തിയത്.
തനിക്ക് തന്റേതായ ഭക്ഷണക്രമത്തില്‍ തന്റെതായ പാചക വിധികളുണ്ട്. അത് തന്റെ കണ്ടുപിടിത്തമാണെന്ന് പറയുന്നില്ലെന്നും എന്നാല്‍ അത്തരത്തില്‍ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും മോദി പറഞ്ഞു.
‘പോഷക ഗുണമുള്ള ആഹാരങ്ങളില്‍ മുരിങ്ങക്കായ് വളരെ പ്രധാനമാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അത് കൊണ്ട് ഞാന്‍ ‘മുരിങ്ങ പറാത്ത’ ഉണ്ടാക്കാറുണ്ട്,’ മോദി സംവാദത്തില്‍ പറഞ്ഞു.
അതിന്റെ റെസിപി ഉറപ്പായും പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് കായിക ക്ഷമത കാത്തു സൂക്ഷിക്കുന്നതെങ്ങനെയെന്നായിരുന്നു സംവാദത്തില്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.
ശാരീരിക ക്ഷമതയെക്കുറിച്ച് ആഗോളമായ ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുന്നതായും ഹിറ്റ് ഇന്ത്യ എന്നതിനര്‍ത്ഥം ഫിറ്റ് ഇന്ത്യ എന്നാണെന്നും മോദി സംവാദത്തില്‍ പറഞ്ഞു.
സംവാദത്തില്‍ ക്രിക്കറ്റ് താരം കോഹ് ലിയും അഭിനേതാവും മോഡലുമായ മിലിന്ദ് സോമനും പോഷാകാഹാര വിദഗ്ധ രുജുത ദിവേകര്‍, പാരാലിംപിക് ജാവെലിന്‍ ഗോള്‍ഡ് മെഡലിസ്റ്റ് ദേവേന്ദ്ര ജാജാരിയ ജമ്മുകശ്മീരില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം അഫ്ഷാന്‍ ആഷിക് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തന്റെ ദൈനംദിനവ്യായാമം മോദിയുമായി പങ്കുവെച്ചു. ദല്‍ഹിയിലെ പ്രശസ്ത ഭക്ഷണമായ കടലയും പൂരിയും എങ്ങനെ തന്റെ ദിനചര്യകളില്‍ നിന്നും ഒഴിവാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കായിക ക്ഷമതയ്‌ക്കൊപ്പം മനഃശക്തിയും ഉറപ്പാക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക