കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്തുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിക്കോ അദ്ദേഹത്തിന്റെ വിശ്വസ്തന്‍ അമിത് ഷായ്‌ക്കോ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബ്ലോക്ക് തല പ്രസിഡന്റ് ആവാനുള്ള യോഗ്യത പോലുമില്ലെന്നും മമത പരിഹസിച്ചു
‘ഞങ്ങളുടെ ബ്ലോക്ക് തല പ്രസിഡന്റ് ആകാനുള്ള യോഗ്യത മോദിക്കില്ല. അമിത് ഷായുടെ ഭാഷയും സംസ്‌കാരവും… അയാളും ഞങ്ങളുടെ ബ്ലോക്ക് പ്രസിഡന്റ് ആകാന്‍ അര്‍ഹനല്ല. ഞങ്ങളുടെ ആളുകള്‍ കൂടുതല്‍ കരുത്തരാണ്’- മമത എന്‍.ഡി.ടി.വിയോട് പറയുന്നു.
മുന്‍ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോഴുള്ള മോദിയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മോദി അത്തരം ഒരു താരതമ്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു മമതയുടെ മറുപടി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പുറത്താക്കുന്നതില്‍ ബംഗാളിന് വലിയ പങ്കു വഹിക്കണമെന്ന് ആഗ്രഹമുണ്ടെന്നും മമത പറഞ്ഞു. ‘ഗുജറാത്ത് കലാപത്തിന് ശേഷം മോദി മാറുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ മോദി കടുത്ത ഫാസിസ്റ്റ് ആവുകയാണുണ്ടായത്’- മമത പറയുന്നു.
‘രാജ്യം നശിപ്പിക്കണമെന്ന് കരുതുന്നവരുടെ കൂടെയാണ് മോദി. എന്ത് വികസനമാണ് അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുക. അദ്ദേഹം രാജ്യത്തെ അപകടത്തിലാക്കിയിരിക്കുകയാണ്. മോദി ഇവിടെയുണ്ടെങ്കല്‍ ഇവിടെ സ്വാതന്ത്ര്യം ഉണ്ടാവില്ല. ജനാധിപത്യം ഉണ്ടാവില്ല. തെരഞ്ഞെടുപ്പുകളുണ്ടാവില്ല. ഭരണഘടന ഉണ്ടാവില്ല. മോദി പോകണം’- മമത പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെയായിരുന്നു മമതയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമായിരുന്നു.
‘ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളെ വിട്ട് ഓടും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു.’ എന്നായിരുന്നു മോദി പറഞ്ഞത്.
42 ലോക്‌സഭാ സീറ്റുകളുള്ള ബംഗാളില്‍ തെരഞ്ഞെടുപ്പിന്റെ ഏഴുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും.