national news
ജനാധിപത്യം ഇതിലും മികച്ചത് അർഹിക്കുന്നു; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 18, 09:02 am
Tuesday, 18th February 2025, 2:32 pm

ന്യൂദൽഹി: പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിടുക്കത്തിൽ നിയമിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ്. സർക്കാരിന്റെ ഈ പ്രവർത്തി ഭരണഘടനയുടെ ആത്മാവിനെയും സ്വതന്ത്ര തെരഞ്ഞെടുപ്പുകളെയും ദുർബലപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം വിമർശിച്ചു.

ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ (സി.ജെ.ഐ) സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് നീക്കിയതിന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ചു. ഈ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്നുവെന്നും സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാൻ അർധരാത്രിയിൽ തീരുമാനമെടുത്തത് അനാദരവും മര്യാദയില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ ഘടന തന്നെ ഉണ്ടായിരുന്നിട്ടും ഇത്തരം പ്രവർത്തി സർക്കാർ ചെയ്‌തെന്നും ഈ പ്രക്രിയ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ വാദം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്സിക്യൂട്ടീവിന്‍റെ ഇടപെടൽ പാടില്ലെന്നാണ് ബി.ആർ. അംബേദ്കർ വിഭാവനം ചെയ്തത്. സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിയോജനക്കുറിപ്പ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

‘ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്ന നിലയിൽ, ബാബാസാഹേബ് അംബേദ്കറുടെയും നമ്മുടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതും സർക്കാരിനെ അത് പിന്തുടരാൻ ഉത്തരവാദിത്തപ്പെടുത്തേണ്ടതും എന്റെ കടമയാണ്.

കമ്മിറ്റിയുടെ ഘടനയും പ്രക്രിയയും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും 48 മണിക്കൂറിനുള്ളിൽ വാദം കേൾക്കാനിരിക്കുകയും ചെയ്യുമ്പോൾ, പുതിയ സി.ഇ.സിയെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അർദ്ധരാത്രിയിൽ തീരുമാനിച്ചത് അനാദരവും മര്യാദയില്ലാത്തതുമാണ്,’ രാഹുൽ ഗാന്ധി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

തിങ്കളാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമു ഗ്യാനേഷ് കുമാറിനെ സി.ഇ.സിയായും ഹരിയാന ചീഫ് സെക്രട്ടറി ഡോ. വിവേക് ​​ജോഷിയെ തെരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗത്തിന് ശേഷമാണ് ഈ തീരുമാനം.

Content Highlight: Modi, Shah ‘midnight decision’ to select new Chief Election Commissioner ‘disrespectful, discourteous’: Rahul Gandhi