| Tuesday, 23rd March 2021, 1:27 pm

ബംഗാളിനെ നയിക്കാന്‍ മമതയുണ്ട്, ബി.ജെ.പിയ്ക്ക് ആരുണ്ട്? മോദി-അമിത് ഷാ പ്രചരണം ബംഗാളില്‍ വിലപ്പോകില്ലെന്ന് യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുക്കെട്ട് കേന്ദ്രത്തില്‍ വിജയിച്ച പോലെ ബംഗാളില്‍ വിജയിക്കില്ലെന്ന് തൃണമൂല്‍ നേതാവ് യശ്വന്ത് സിന്‍ഹ. കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പരാജയപ്പെടുത്തി വിജയം കൈവരിക്കാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ അത് ബംഗാളില്‍ വിജയകരമാകില്ലെന്നായിരുന്നു സിന്‍ഹ പറഞ്ഞത്. ബംഗാള്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് സിന്‍ഹയുടെ പരാമര്‍ശം.

എന്‍.ഡി.ടി.വിയിലെഴുതിയ ലേഖനത്തിലായിരുന്നു സിന്‍ഹ ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

കേന്ദ്രത്തില്‍ പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ മോദി-അമിത് ഷാ സഖ്യത്തെ വളരെ അഭിമാനപൂര്‍വ്വം ബി.ജെ.പി മുന്നോട്ടുവെയ്ക്കാറുണ്ട്. എന്നാല്‍ ബംഗാളില്‍ സ്ഥിതി അതല്ലെന്ന് സിന്‍ഹ പറഞ്ഞു.

‘ഞങ്ങള്‍ക്ക് മോദിയുണ്ട്. നിങ്ങള്‍ക്ക് ആരാ ഉള്ളതെന്ന് ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടികളോട് ചോദിക്കുന്നു. എന്നാല്‍ ബംഗാളിലെ ചിത്രം വേറെയാണ്. ഞങ്ങള്‍ക്ക് മമതയുണ്ട്, അവര്‍ക്ക്(ബി.ജെ.പി) ആരുമില്ല എന്ന അവസ്ഥയാണ് ഉള്ളത്. അതിനാല്‍ ബംഗാളിലെ ജനങ്ങളോട് മോദിയേയും അമിത് ഷായേയും നോക്കൂ വോട്ട് ചെയ്യൂവെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ മോദിയോ അമിത് ഷായോ തങ്ങളുടെ മുഖ്യമന്ത്രിയാകില്ലെന്ന് ബംഗാളിലെ ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ചൂണ്ടിക്കാണിക്കാനും ബി.ജെ.പിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല,’ സിന്‍ഹ പറഞ്ഞു.

മാര്‍ച്ച് 13ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത മുന്‍ ബി.ജെ.പി നേതാവ് കൂടിയാണ് യശ്വന്ത് സിന്‍ഹ. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് കേന്ദ്ര ധനമന്ത്രിയായിരുന്നു ഇദ്ദേഹം. 83 കാരനായ സിന്‍ഹ 2018 ല്‍ തന്റെ മുന്‍ പാര്‍ട്ടിയായ ബി.ജെ.പിയില്‍ നിന്ന് പുറത്തുവന്നിരുന്നു.

കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഡെറക് ഒബ്രയന്‍, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലാണ് സിന്‍ഹ പാര്‍ട്ടിയില്‍ ചേര്‍ന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Modi- Sha Combo Wont Work In Bengal Polls Says Yaswant Sinha

We use cookies to give you the best possible experience. Learn more