വിശേഷ ദിവസങ്ങള്‍ തിരഞ്ഞ് കണ്ടുപിടിച്ച് അതിലെല്ലാം ആശംസകള്‍ ട്വീറ്റ് ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിക്കുന്ന ആര്‍ജ്ജവം ഒന്ന് വേറെ തന്നെയാണ്.
ലോകനേതാക്കളായ പലരുടേയും ജന്മദിനത്തിന് ട്വിറ്ററിലൂടെ ആശംസ അറിയിക്കാന്‍ മോദി എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ മോദിയ്ക്ക് ട്വിറ്ററില്‍ പിഴച്ചു, അല്ലെങ്കില്‍ മോദിയെ ഗൂഗിള്‍ പറ്റിച്ചു എന്ന് വേണമെങ്കില്‍ പറയാം.
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി ചെയ്ത ട്വീറ്റും അതിന് അഷ്‌റഫ് ഗാനി നല്‍കിയ മറുപടിയുമാണു പുതിയ വാര്‍ത്തയ്ക്കു കാരണം.
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇന്നലെ മോദിയയച്ച പിറന്നാളാശംസ കണ്ട് ശരിക്കും ഞെട്ടി. ഞെട്ടാന്‍ കാരണം മറ്റൊന്നുമല്ല, മെയ് 19 ന് ജനിച്ച തനിക്ക് മോദി ഫെബ്രുവരി 12 ന് പിറന്നാളാശംസ അയച്ചിരിക്കുന്നു. എങ്കിലും മോദിയെ വിഷമിപ്പിക്കാന്‍ ഗാനിക്കായില്ല,
തന്റെ പിറന്നാല്‍ മെയ് 19നാണെന്നും എങ്കിലും അങ്ങയുടെ വാക്കുകള്‍ക്ക് താന്‍ ഏറെ വിലമതിക്കുന്നെന്നും ആശംസസ്വീകരിക്കുന്നതായും ഗാനിയും ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി.
എന്തായാലും സോഷ്യല്‍മീഡിയ്ക്ക് മോദിയെ കളിയാക്കാന്‍ മറ്റൊരു കാരണവും കൂടി കിട്ടിയെന്ന് പറയാം. മോദിയെ കളിയാക്കിയും പ്രതിരോധിച്ചും നിരവധി ട്വീറ്റുകളാണ് പ്രചരിക്കുന്നത്.
എന്നാല്‍ അഷ്‌റഫ് ഘാനിയുടെ പിറന്നാള്‍ ഫെബ്രുവരി 12നാണ് എന്നാണ് ഗൂഗിള്‍ സേര്‍ച്ചില്‍ കാണിക്കുന്നതെന്നും ഇതുകണ്ടാകും മോദി ട്വീറ്റ് ചെയ്തതെന്നുമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
@narendramodi Greetings from Munich Mr. PM. Although, my Birthday is on 19th May, but I”d still like to thank you for your gracious words :)
— Ashraf Ghani (@ashrafghani) February 12, 2016