| Friday, 4th March 2022, 10:13 pm

കൊറോണയെ തുരത്താന്‍ പാത്രങ്ങള്‍ അടിക്കാന്‍ പറഞ്ഞൊരു പ്രധാനമന്ത്രിയുണ്ട് ഞങ്ങള്‍ക്ക്: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി നുണകള്‍ പറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികളെ കുറിച്ച് മോദി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹിന്ദു മത ഗ്രന്ഥങ്ങള്‍ എവിടെയും കള്ളം പറയണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള തന്റെ മുന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ വാക്കുകളിലും പ്രവൃത്തിയിലും ഒരുതരത്തിലുള്ള പൊരുത്തക്കേടുകളില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞിരുന്നു. അത് നിറവേറ്റുകയും ക്വിന്റലിന് 2,500 രൂപ കുറഞ്ഞ താങ്ങുവിലയ്ക്ക് നെല്ല് സംഭരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

‘ധര്‍മത്തിന്റെ പേരിലല്ല, മറിച്ച് നുണകളുടെ അടിസ്ഥാനത്തിലാണ് മോദി വോട്ട് നേടുന്നത്,’ രാഹുല്‍ ആരോപിച്ചു.

യഥാര്‍ത്ഥത്തില്‍ മോദിയുടെ രണ്ട് എഞ്ചിനുകള്‍ എന്ന് പറയുന്നത്, അദാനിയും അംബാനിയുമാണ്. ഇത്തരത്തിലുള്ള ഇരട്ട എഞ്ചിന്‍ ഒരിക്കലും ആളുകള്‍ക്ക് തൊഴില്‍ നല്‍കില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘കൊറോണ വൈറസിനെ തുരത്താന്‍ പാത്രങ്ങള്‍ അടിക്കാന്‍ ആളുകളോട് ആവശ്യപ്പെട്ട ലോകത്തിലെ ഒരേയൊരു നേതാവ് ഞങ്ങള്‍ക്കുണ്ട്,’ മോദിയെ പരിഹസിച്ച് രാഹുല്‍ പറഞ്ഞു.

മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമൊപ്പം അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ രൂപത്തില്‍ മൂന്നാമത്തെ പ്രശ്നം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlights: Modi Seeks Vote On Basis Of Lies: Rahul Gandhi In UP’s Varanasi

We use cookies to give you the best possible experience. Learn more