ഡെറാഡൂണ്‍: നിലവില്‍ കോണ്‍ഗ്രിന് ഒറ്റ നേതാക്കള്‍ പോലുമില്ലാതായെന്നും ആകെയുള്ളത് ആങ്ങളയും പെങ്ങളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അല്‍മോദയില്‍ വെച്ച് നടന്ന ബി.ജെ.പി പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോണ്‍ഗ്രസിന് എത്രയോ മുഖ്യമന്ത്രിമാരും നേതാക്കളും ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ അവരെല്ലാം എവിടെ? തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരും തന്നെ പ്രചരണത്തിനെത്താത്തത്?
കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് ആങ്ങളയും പെങ്ങളും മാത്രമാണ്. ആ പാര്‍ട്ടിയില്‍ നേതാക്കളായി മറ്റാരുമില്ല,’ മോദി പറയുന്നു.
ആളുകളെ തമ്മിലടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
‘ഭിന്നിപ്പിച്ച് ഭരിക്കുക, രാജ്യത്തെ ഒന്നാകെ കൊള്ളയടിക്കുക, അതുമാത്രമാണ് കോണ്‍ഗ്രസിന്റെ നയം. ഉത്തരാഖണ്ഡിലും കുമയൂണ്‍-ഗദ്വാള്‍ മേഖലകളെ തമ്മിലടിപ്പിച്ച് നാടിനെ ഒന്നാകെ കൊള്ളയടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്,’ മോദി അല്‍മോദയിലെ പരിപാടില്‍ പറഞ്ഞു.
സര്‍വകലാശാലയുടെ പേരില്‍ പോലും കോണ്‍ഗ്രസ് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. മുസ്‌ലിം സര്‍വകലാശാല വിവാദമുയര്‍ത്തിയായിരുന്നു മോദിയുടെ പ്രതികരണം.
ഉത്തരാഖണ്ഡിലെ 70 അസംബ്ലി മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 14നാണ് നടക്കുന്നത്. ഒറ്റ ഘട്ടമായാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി എന്തു വിലകൊടുത്തും ഉത്തരാഖണ്ഡ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.
മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
Content Highlight: Modi says there is no leader for Congress, Just Brother and Sister