ന്യൂദല്‍ഹി: പശു ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റേയും ഭാഗമാണെന്നും പശു സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ വെച്ചു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയില്‍ പ്രധാനമായ സാമ്പത്തിക സ്രോതസ്സു കൂടിയാണ് പശു എന്നും മോദി പറഞ്ഞു. “പശുവിന്‍ പാലിനോടുള്ള കടപ്പാട് തീര്‍ക്കാന്‍ നമുക്കൊരിക്കലും കഴിയില്ല. ഇന്ത്യന്‍ പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഒഴിച്ചു കൂടാന്‍ കഴിയാത്ത ഘടകമാണ് പശു”- പ്രധാനമന്ത്രി പറഞ്ഞു.
പശു സംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും, പശുവിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
Also Read നരേന്ദ്ര മോദി പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ പോലെ പെരുമാറുന്നു: അരവിന്ദ് കെജരിവാള്‍
കേന്ദ്ര സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ പശു സംരക്ഷണത്തിനായി രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 500 കോടി രൂപയാണ് പശു സംരക്ഷണത്തിനായി ഈ പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്.
പശുവിനെ കൊന്നു എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിന് ബുലന്ദ് ശഹറില്‍ വെച്ച് നടന്ന ആള്‍ക്കൂട്ടാക്രമണത്തില്‍ സുബോധ് കുമാര്‍ എന്ന പൊലീസുദ്യോഗസ്ഥാന്‍ കൊല്ലപ്പെട്ടിരുന്നു.
Image Credits: PTI