| Wednesday, 11th September 2024, 7:37 pm

ലോകത്തെ എല്ലാ നിര്‍മിതികളിലും ഇന്ത്യന്‍ ചിപ്പ് ഉണ്ടാകുന്ന കാലമാണ് സ്വപ്നം: പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ചിപ്പ് ഉത്പാദനത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായകമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപ വിതരണ ശൃംഖലകളെ സംരക്ഷിക്കുന്നതിനായുള്ള അന്താരാഷ്ട്ര ദൗത്യത്തില്‍ ഇന്ത്യ പ്രധാന പങ്കാളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ ‘സെമികോണ്‍ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യന്‍ നിര്‍മിത ചിപ്പുകള്‍ ഉണ്ടാകുന്ന കാലമാണ് സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഒരു അര്‍ധചാലക ശക്തികേന്ദ്രമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചിപ്പുകള്‍ നിര്‍മിക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ ഇതിനോടകം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ അര്‍ധചാലക മേഖല ഒരു വിപ്ലവത്തിന്റെ വക്കിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് നിര്‍മിത മേഖലയില്‍ 85,000 സാങ്കേതിക വിദഗ്ധരും എഞ്ചിനീയര്‍മാരും ഗവേഷണ-വികസന വിദഗ്ധരും അടങ്ങുന്ന തൊഴിലാളികളെ ഇന്ത്യ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചിപ്പ് നിര്‍മിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 50 ശതമാനം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നീക്കത്തില്‍ സംസ്ഥാന സര്‍ക്കാറുകളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറയുകയുണ്ടായി.

അര്‍ധ ചാലക വ്യവസായത്തില്‍ ഇന്ത്യ ഒരു ‘ത്രീ ഡീ പവര്‍’ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്‌കരണവാദ സര്‍ക്കാര്‍, ദിനംപ്രതി വളരുന്ന സാമ്പത്തിക അടിത്തറ, നൂതന ആശയങ്ങള്‍ സ്വീകരിക്കുന്ന സാങ്കേതിക വിദഗ്ധ വിപണി എന്നിവയായിരിക്കും ത്രീ ഡീ പവറിന്റെ മൂല്യങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ ഒരു ചിപ്പ് ഹബ്ബാക്കാന്‍ തങ്ങള്‍ എന്തും ചെയ്യുമെന്ന് ആഗോള നിക്ഷേപകര്‍ക്ക് പ്രധാനമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.

അതേസമയം അദാനിയുടെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിന്റെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ ദേശീയ സുരക്ഷയെ തകര്‍ക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്.

റെഗുലേറ്ററി ഫയലിങ് അനുസരിച്ച്, സപ്ലൈ ചെയിന്‍ സൊല്യൂഷനുകളും പ്രോജക്റ്റ് മാനേജ്മെന്റ് സേവനങ്ങളും നല്‍കുന്ന ബിസിനസ് നടത്തുന്നതിന് അദാനി ഗ്രൂപ്പ് ചൈനയില്‍ ഒരു സബ്സിഡറി രൂപീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിയത്.

Content Highlight: Modi says the dream is to have an Indian chip in every product in the world

We use cookies to give you the best possible experience. Learn more