ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ ബാഗില്‍ ഒരു മാസത്തിലേറെയായി സ്ത്രീകള്‍ നടത്തിവരുന്ന സമരത്തെ അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മോദി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആദ്യത്തെ പ്രതികരണമാണിത്. ഈസ്റ്റ് ദല്‍ഹിയില്‍ വെച്ചു നടന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഷാഹീന്‍ ബാഗിലും സീലാംപൂരിലും ജാമിഅയിലും കുറച്ച് നാളുകളായി പൗരത്വ ഭേദഗതി നിയമത്തിനെതിരയി സമരങ്ങള്‍ നടന്നുവരികയാണ്. ഈ പ്രതിഷേധങ്ങളൊന്നും യാദൃച്ഛികമല്ല. ഈ പ്രതിഷേധങ്ങളെല്ലാം ഇന്ത്യയെ വിഭജിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. രാജ്യത്തിന്റെ സൗഹാര്‍ദത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്,’ മോദി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഷാഹീന്‍ ബാഗില്‍ സ്ത്രീകളും കുട്ടികളും നടത്തുന്ന സമരം 50 ദിവസം പിന്നിട്ടു.
ജാമിഅ മില്ലിയയില്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരത്തെ പരിഹസിച്ച് നേരത്തെയും മോദി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്നായിരുന്നു അന്നത്തെ പ്രസ്താവന.
ഷാഹീന്‍ ബാഗില്‍ ഒരു തവണയും ജാമിഅ മില്ലിയയില്‍ രണ്ടു തവണയും പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെപ്പ് നടന്നിരുന്നു. കേന്ദ്ര ധന സഹമന്ത്രി അനുരാഗ് താക്കൂര്‍ ‘രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണം’ എന്ന് ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് വെടിവെയ്പ്പ് നടന്നത്.