| Saturday, 17th April 2021, 9:48 am

'സ്‌നാനം കഴിഞ്ഞല്ലോ'; കുംഭമേള ഇനി പ്രതീകാത്മകമായി നടത്താമെന്ന് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മേള പ്രതീകാത്മകമായി നടത്താന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കുംഭമേള പ്രതീകാത്മകമായി നടത്തിയാല്‍ മതിയെന്ന് ആവശ്യപ്പെട്ട് സ്വാമി അവ്‌ദേശാനന്ദ് ഗിരിയോട് മോദി ഫോണില്‍ സംസാരിച്ചു. കുംഭമേളയുടെ പ്രധാന ചടങ്ങുകളിലൊന്നായ ഷാഹി സ്‌നാനം കഴിഞ്ഞ സാഹചര്യത്തിലാണ് പ്രതീകാത്മകമായി നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘ആചാര്യ സ്വാമി അവ്‌ദേശാനന്ദ് ഗിരിയോട് ഫോണില്‍ സംസാരിച്ചു. എല്ലാ പുരോഹിതന്മാരുടെയും ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. പരിപാടി ഭംഗിയായി നടത്തുന്നതിന് എല്ലാ പിന്തുണയും പുരോഹിതര്‍ ഭരണകൂടത്തിന് നല്‍കുന്നുണ്ട്. അതിന് ഞാന്‍ അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു,’ മോദി ട്വീറ്റ് ചെയ്തു.

‘രണ്ട് സ്‌നാനവും കഴിഞ്ഞല്ലോ. അതിനാല്‍ തന്നെ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനി പ്രതീകാത്മകമായി നടത്തിയാല്‍ മതിയെന്ന് അപേക്ഷിക്കുകയാണ്. ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതായിരിക്കും നിങ്ങളുടെ ഈ തീരുമാനം,’ മോദി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതരിലൊരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 80ല്‍ അധികം മത നേതാക്കള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

സന്യാസി കൗണ്‍സിലറുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ കുംഭമേള നടക്കുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് ഇദ്ദേഹം കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ നിന്ന് നിരഞ്ജനി അഖാഡ, തപോ നിധി ശ്രീ ആനന്ദ് അഖാഡ എന്നീ വിഭാഗങ്ങള്‍ മടങ്ങുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സന്യാസി വിഭാഗങ്ങളും ഏപ്രില്‍ 17ന് ശേഷം ഉത്തരാഖണ്ഡിലെ കുംഭമേളയില്‍ തുടരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. നിരഞ്ജനി അഖാഡ സെക്രട്ടറിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Modi says that Kumbh mela should be taken place now on be symbolic

We use cookies to give you the best possible experience. Learn more