| Wednesday, 8th May 2019, 6:43 pm

'റോബർട്ട് വദ്രയെ അഞ്ച് വർഷത്തിനുള്ളിൽ ജയിലിലാക്കും': മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയെ അഞ്ച് വര്‍ഷത്തിനുള്ളിൽ ജയിലിലടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വദ്രയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമര്‍ശം.

കര്‍ഷകരെ കൊള്ളയടിച്ച ആ വ്യക്തിയെ താൻ കോടതിയിലേയ്ക്ക് എത്തിച്ചെന്നും അദ്ദേഹം ജാമ്യത്തിന് വേണ്ടി ആദായനികുതി വകുപ്പിലും കോടതികളിലും കയറിയിറങ്ങുകയാണെന്നും മോദി പറഞ്ഞു. അദ്ദേഹത്തിന്‍റെ വിചാരം ഷഹൻഷാ ആണെന്നാണ്. എന്നാൽ ഇപ്പോള്‍ പേടിച്ചു തുടങ്ങിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനകം അദ്ദേഹത്തെ ജയിലഴിയ്ക്കുളളിലാക്കുമെന്നും മോദി പറഞ്ഞു. നേരത്തെയും റോബര്‍ട്ട് വദ്രയെ മോദി ജഹാൻഷാ എന്ന് വിശേഷിപ്പിച്ചിരുന്നു.

നിലവിൽ അനധികൃത ഭൂമിയിടപടുകളും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച കേസുകളിൽ അന്വേഷണം നേരിടുകയാണ് റോബര്‍ട്ട് വദ്ര. ഹരിയാന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല.

അതിനിടെ, തെരുഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി.

മോദിയ്ക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയില്‍ പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാമെന്നാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.

We use cookies to give you the best possible experience. Learn more