|

പുല്‍വാമ അക്രമത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം; പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

“”ഭീകരര്‍ എത്ര ഓടിയൊളിക്കാന്‍ ശ്രമിച്ചിച്ചും പ്രയോജനമില്ല. അവരെ കണ്ടുപിടിച്ച് ശിക്ഷിക്കും. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമെമ്പാടും അതീവ ദു:ഖത്തിലാണ്. എല്ലാവരുടെയും അമര്‍ഷവും ദുഖവും മനസ്സിലാക്കുന്നു.”” പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ യാവത്മാല്‍ ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് കഴിഞ്ഞ ദിവസവും മോദി പറഞ്ഞിരുന്നു. കൂടാതെ പ്രത്യാക്രമണം നടത്താനുള്ള സമയവും സ്ഥലവും നിശ്ചയിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ALSO READ: ജമ്മു കാശ്മീരിൽ വീണ്ടും സ്ഫോടനം; സൈനിക മേജർ കൊല്ലപ്പെട്ടു

പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.