| Wednesday, 26th April 2023, 8:33 am

പ്രധാനമന്ത്രിയുടെ ശവക്കുഴി തോണ്ടാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാണ് മോദി പറയുന്നത്; എന്ത് പറച്ചിലാണത്‌ : പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൈസൂരുവില്‍ നടന്ന സമ്മേളനത്തില്‍ ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

ബി.ജെ.പി നേതാക്കളുടെ വാക്ക് കേട്ട് വോട്ട് ചെയ്യരുതെന്നും സ്ഥാനാര്‍ത്ഥികളെ ശരിയായി വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രിയുടെ ശവക്കുഴി തോണ്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

‘പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയുടെ ശവക്കുഴി തോണ്ടാന്‍ ശ്രമിക്കുകയാണെന്നാണ് മോദി ഇവിടെ വന്ന് പറഞ്ഞത്. എന്ത് തരം സംസാരമാണത്. പ്രധാനമന്ത്രിയുടെ ആരോഗ്യം നന്നായിരിക്കണമെന്നല്ലേ രാജ്യത്തെ എല്ലാ പൗരരും ആഗ്രഹിക്കുക,’ പ്രിയങ്ക ചോദിച്ചു.

കഴിഞ്ഞ തവണ കര്‍ണാടകയില്‍ ജനങ്ങള്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് തെരഞ്ഞെടുത്തതെന്നും എന്നാല്‍ പണത്തിന്റെ സ്വാധീനമുപയോഗിച്ച് ബി.ജെ.പി ആ ഗവണ്‍മെന്റിനെ അട്ടിമറിക്കുകയായിരുന്നെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

’40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ പൊതുജനങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ണാടക ഗവണ്‍മെന്റ് 1.5 ലക്ഷം കോടി രൂപയാണ് കൊള്ളയടിച്ചത്,’ പ്രിയങ്ക പറഞ്ഞു.

സംസ്ഥാനത്ത് നന്ദിനി പാലിന് പകരം അമൂല്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും പ്രിയങ്ക വിമര്‍ശിച്ചു.

’90 ലക്ഷം ലിറ്ററോളം വരുന്ന പാലും പാലുല്‍പ്പന്നങ്ങളുമായിരുന്നു നന്ദിനി മില്‍ക്ക് ഉല്‍പാദിപ്പിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് അത് 70 ലക്ഷം ലിറ്ററായി കുറഞ്ഞിരിക്കുകയാണ്. അമൂലിനെ കര്‍ണാടകയിലേക്ക് കൂടുതലായി എത്തിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് നന്ദിനിയുടെ ഉല്‍പാദനത്തില്‍ മനപൂര്‍വമായി ഇടിവ് കൊണ്ടുവന്നിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍,’ പ്രിയങ്ക ആരോപിച്ചു.

‘കര്‍ണാടകയില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും ബി.ജെ.പി നടപ്പാക്കിയിട്ടില്ല. ഇത് മാറ്റത്തിനായുള്ള സമയമാണ്. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സംസ്ഥാനം വളരെ പിന്നിലേക്ക് പോയി. ജനങ്ങള്‍ക്ക് അവരുടെ അനുഭവത്തിലൂടെ ബി.ജെ.പി ഭരണം എന്താണ് സംസ്ഥാനത്തോട് ചെയ്തതെന്ന് മനസിലായിട്ടുണ്ട്. കര്‍ണാടകയില്‍ ഒരു അഴിമതി സര്‍ക്കാരാണുള്ളത്. അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സര്‍ക്കാരിനെയാണ് നമുക്ക് വേണ്ടത്,’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Content Highlights: Modi says opposition is trying to dig PM’s grave: Priyanka Gandhi

We use cookies to give you the best possible experience. Learn more