'ഇന്ത്യ ലോകത്തിന്റെ പുതിയ പ്രതീക്ഷ'യെന്ന് പ്രധാനമന്ത്രി; പ്രസ്താവന ജനജീവിതം ദുസ്സഹമായിരിക്കെ
national news
'ഇന്ത്യ ലോകത്തിന്റെ പുതിയ പ്രതീക്ഷ'യെന്ന് പ്രധാനമന്ത്രി; പ്രസ്താവന ജനജീവിതം ദുസ്സഹമായിരിക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th May 2022, 9:11 am

അഹമ്മദാബാദ്: രാജ്യത്ത് സാധാരണക്കാരുടെ ജീവിതം താറുമാറായിക്കൊണ്ടിരിക്കെ ലോകത്തിന്റെ പുതിയ പ്രതീക്ഷ ഇന്ത്യയിലാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈനംദിന ജീവിതത്തിലെ പ്രാഥമിക വസ്തുക്കളുടെയുള്‍പ്പെടെ വില കുത്തനെ ഉയര്‍ത്തുകയും, വര്‍ഗീയ കലാപങ്ങള്‍ കൊണ്ട് രാജ്യത്തെ ക്രമസമാധാനം നശിക്കുകയും ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഗുജറാത്തിലെ കുന്ദല്‍ധാമിലെയും കരേലിബാഗിലെയും ശ്രീ സ്വാമിനാരായണ ക്ഷേത്രങ്ങള്‍ സംഘടിപ്പിക്കുന്ന ‘യുവ ശിവിര്‍’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘മഹാമാരിയുടെ കാലത്ത് ലോകമെമ്പാടും വാക്‌സിനുകള്‍ എത്തിക്കുന്നത് മുതല്‍, തകര്‍ന്നുപോയ വിതരണശൃംഖലകള്‍ക്കിടയില്‍ സ്വയം പര്യാപ്തമായ രാജ്യം നിര്‍മിക്കുമെന്ന പ്രതീക്ഷ വരെ, ആഗോള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കേ സമാധാനമുള്ള ഒരു രാജ്യം സൃഷ്ടിക്കുന്നതു വരെ, ഇന്ത്യ ലോകത്തിന് പ്രതീക്ഷയാണ്,’- മോദി പറഞ്ഞു.

‘പുരാതന പാരമ്പര്യങ്ങളുമായി കൂടിച്ചേര്‍ന്ന ഐഡന്റിറ്റിയുള്ള പുതിയ ഇന്ത്യയ്ക്ക് ലോകത്തിന് പുതിയ ദിശ നല്‍കാന്‍ സാധിക്കും. വര്‍ധിച്ചു വരുന്ന ജനപങ്കാളിത്തം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയിലെ യുവാക്കള്‍ നയിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഇന്ത്യയിലുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുകയാണ്.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 405 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് 1020 രൂപയിലധികമാണ് വില. വാണിജ്യ സിലണ്ടറിന്റെ വിലയും സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. പൊതുതെരഞ്ഞെടുപ്പിനിടെ മാത്രമാണ് രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകാതിരുന്നത്. കഴിഞ്ഞ വര്‍ഷംമാത്രം രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില 70 ശതമാനം വര്‍ധിച്ചു. പച്ചക്കറികള്‍ക്ക് 20 ശതമാനവും പാചക എണ്ണയ്ക്ക് 23 ശതമാനവും ധാന്യങ്ങള്‍ക്ക് എട്ട് ശതമാനവും വില വര്‍ധിച്ചു. ആട്ടയ്ക്ക് 9.15 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

വിലവിര്‍ധനവിന് പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങളും നിലനില്‍ക്കുന്നുണ്ട്. മഥുരയില്‍ ഷാഹി ഈദ്ഗാഹിനെതിരെയും വാരണാസിയില്‍ ഗ്യാന്‍വാപി മസ്ജിദിനെതിരെയും ഹിന്ദുത്വ വാദികള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത് രാജ്യത്തെ ക്രമസമാധാനത്തെ ബാധിച്ചിരുന്നു. ചരിത്ര സ്മാരകമായ കുത്തബ് മിനാറിനെതിരേയും താജ്മഹലിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.

Content Highlight: Modi says India is the new hope of world while country faces price hike and communal riots