| Friday, 3rd January 2025, 10:26 pm

തനിക്ക് സ്വന്തമായി ഒരു വീട് പോലുമില്ലെന്ന് മോദി; 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ച് 8,400 കോടിയുടെ വിമാനത്തില്‍ പറക്കുന്നതോയെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദല്‍ഹി മുന്‍ മുഖ്യമന്ത്രി അവിന്ദ് കെജ്‌രിവാളും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെ ദുരന്തം എന്ന്‌ പ്രധാനമന്ത്രി വിശേഷിപ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പുതിയ തര്‍ക്കം ആരംഭിച്ചത്.

ദല്‍ഹിയിലെ ചേരി നിവാസികള്‍ക്കായുള്ള ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവെയാണ് ആം ആദ്മി സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്.

‘അവര്‍ മദ്യ കുംഭകോണം, സ്‌കൂള്‍ കുംഭകോണം, മലിനീകരണ കുംഭകോണം എന്നിവ നടത്തി. പരസ്യമായി അഴിമതിയില്‍ ഏര്‍പ്പെട്ടു. ഇവര്‍ ദല്‍ഹിക്ക് ദുരന്തമാണ് (AAPda), ഈ ദുരന്തത്തിനെതിരെ നിവാസികള്‍ യുദ്ധം പ്രഖ്യാപിക്കണം’, മോദി പറഞ്ഞു.

അതേസമയം ദല്‍ഹിയിലെ നിര്‍ധനരുടെ ക്ഷേമത്തിനായുള്ള തന്റെ പ്രതിബദ്ധത പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടെ എടുത്തു പറഞ്ഞു. ‘എനിക്ക് ഒരു ശീഷ്മഹല്‍ (ഗ്ലാസ് പാലസ്) നിര്‍മിക്കാമായിരുന്നു, പക്ഷേ എന്റെ സ്വപ്നം നാട്ടുകാര്‍ക്ക് സ്ഥിരമായ വീടുകള്‍ ലഭിക്കണം എന്നതാണ്,’ മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം ദുരന്തം ദല്‍ഹിയിലല്ല മറിച്ച് ബി.ജെ.പിക്കുള്ളിണെന്ന്‌ കെജ്‌രിവാള്‍ തിരിച്ചടിച്ചു. ബി.ജെ.പിക്ക് ദല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ചൂണ്ടിക്കാണിക്കാനില്ലാത്തതാണ് ആദ്യ ദുരന്തമെന്നും പിന്നെയുള്ളത് ബി.ജെ.പിക്ക് ദല്‍ഹി തെരഞ്ഞെടുപ്പില്‍ അജണ്ടയില്ല എന്നതുമാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ശീഷ്മഹലിനെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തെയും കെജ്‌വാള്‍ പരിഹസിച്ചു. 2,700 കോടി രൂപയ്ക്ക് വീട് നിര്‍മിച്ച്, 8,400 കോടിയുടെ വിമാനത്തില്‍ പറക്കുന്ന, 10 ലക്ഷം രൂപയുടെ സ്യൂട്ടുകള്‍ ധരിക്കുന്ന ഒരാള്‍ക്ക് ശീഷ്മഹല്‍ പരാമര്‍ശം  യോജിച്ചതല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

‘2020ല്‍ പ്രധാനമന്ത്രി ദല്‍ഹിയില്‍ 2022ഓടെ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. ഇന്ന്, അതായത് 2025ല്‍ അദ്ദേഹം 1,700 വീടുകളുടെ താക്കോല്‍ കൈമാറി, മുമ്പ് കല്‍ക്കാജിയില്‍ 3,000 വീടുകളുടെ താക്കോല്‍ നല്‍കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം 4,700 വീടുകള്‍. ഇതാണ് വാഗ്ദാനങ്ങളും വിതരണവും തമ്മിലുള്ള അസമത്വം.

ദല്‍ഹിയില്‍ നാല് ലക്ഷം ചേരികളുണ്ട്, 15 ലക്ഷം ആളുകള്‍ക്ക് വീടുകള്‍ വേണം. അവരുടെ പ്രകടനപത്രിക അഞ്ച് വര്‍ഷമല്ല, 200 വര്‍ഷത്തേക്കാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു,’ കെജ്‌രിവാള്‍ പരിഹസിച്ചു.

Content Highlight: Modi says he doesn’t own a house, Wears Rs 10 lakh suit, flies in 8,400-crore plane Arvind Kejriwal hits back Modi

We use cookies to give you the best possible experience. Learn more