| Saturday, 1st January 2022, 6:43 pm

2021 അടയാളപ്പെടുത്തുക കൊവിഡിനെതിരായ ഇന്ത്യയുടെ 'ചെറുത്തുനില്‍പിന്റെ' പേരില്‍; 2022ലെ ആദ്യ പ്രസംഗത്തില്‍ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിനെതിരായ ഇന്ത്യയുടെ ചെറുത്തുനില്‍പിന്റെ പേരിലാവും 2021 അടയാളപ്പെടുത്തുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, പ്രധാനമന്ത്രി കിസാന്‍ സ്‌കീമിന്റെ ഭാഗമായി സംസാരിക്കവേയാണ് മോദി അക്കാര്യം പറഞ്ഞത്.

‘കൊവിഡ് എന്ന മഹാമാരിക്കെതിരെയുള്ള ചെറുത്തുനില്‍പിന്റെ പേരിലും ഇവിടെ നടത്തിയ പുതിയ പരിഷ്‌കാരങ്ങളുടെ പേരിലുമാവും 2021 ഓര്‍മിക്കപ്പെടുക,’ മോദി പറഞ്ഞു. 145 കോടി ഡോസ് വാക്‌സിനുകള്‍ നല്‍കാന്‍ സാധിച്ചതും മികച്ച നേട്ടമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുവത്സരത്തില്‍ ഇന്ത്യയുടെ വികസനത്തിന്റെ വേഗം ത്വരിതപ്പെടുത്തണമെന്നും കൊവിഡ് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ഇതിനൊരു തടസമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മള്‍ വികസനത്തിന്റെ വേഗം വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊവിഡ് വെല്ലുവിൡുയര്‍ത്തുന്നുണ്ട്. എന്നാല്‍ അതിന് രാജ്യത്തിന്റെ വികസനത്തെ തടയാന്‍ സാധിക്കില്ല,’ മോദി പറയുന്നു.

ഒക്ടോബര്‍ ആറിന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന കൊവിഡ് നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 22,775 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം രോഗബാധയേറ്റത്. ഒരു ലക്ഷത്തിലധികമാണ് നിലവിലെ രോഗികളുടെ എണ്ണം. ഇതിന് പുറമെ ഒമിക്രോണ്‍ ബാധയും ഇന്ത്യയില്‍ രൂക്ഷമായി തുടരുകയാണ്.

ഇന്ത്യയുടെ സാമ്പത്തികസ്ഥിതി വളരുകയാണെന്നും, 8 ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശനിക്ഷേപങ്ങള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നതുമെന്നാണ് 2022ലെ ആദ്യ പ്രസംഗത്തില്‍ മോദി പറഞ്ഞത്.

2021ല്‍ സ്ത്രീകളുടെ വിവാഹപ്രായം നിലവിലെ 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനും പുരുഷന്‍മാരുടേതിന് തുല്യമാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈനിക സ്‌കൂളുകളിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയ കാര്യവും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Modi says 2021 will be remembered for India’s strong fight against the Covid 19 pandemic

We use cookies to give you the best possible experience. Learn more