ന്യൂദല്‍ഹി: സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന തീരുമാനം നടപ്പാക്കാനൊരുക്കി ടി.ഡി.പി. ബി.ജെ.പിയും മോദിയും എതിര്‍ത്ത തീരുമാനമാണ് അവരുടെ തന്നെ സഖ്യകക്ഷിയായ ടി.ഡി.പി ആന്ധ്രയില്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ടി.ഡി.പിയുമായും ജെ.ഡി.യുവുമായും സഖ്യമുണ്ടാക്കിയാണ് എന്‍.ഡി.എ മൂന്നാം തവണയും അധികാരത്തിലേറിയത്.
തെരഞ്ഞെടുപ്പില്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും തങ്ങള്‍ നടപ്പിലാക്കുമെന്നാണ് ആന്ധ്രയില്‍ അധികാരമേറ്റ ശേഷം ടി.ഡി.പി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു പറഞ്ഞത്. അതിലൊന്നാണ് സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര.
വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ ബസ് യാത്ര നല്‍കുന്നത് സാമ്പത്തികമായി സര്‍ക്കാരിനെ ബാധിക്കും എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ദല്‍ഹിയിലും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഉറപ്പുനല്‍കുന്ന പദ്ധതി അരവിന്ദ് കെജ്രിവാള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. തെലങ്കാനയിലും കോണ്‍ഗ്രസ് ഈ നീക്കവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര എന്ന പദ്ധതിയെ പരസ്യമായി എതിര്‍ക്കുന്ന നിലപാടായിരുന്നു മോദിയുടേത്.
‘മെട്രോ സര്‍വീസുള്ള ഒരു നഗരത്തില്‍ സര്‍ക്കാര്‍ സൗജന്യ ബസ് സര്‍വീസ് നല്‍കിയാല്‍ അത് 50% യാത്രക്കാരെ ഇല്ലാതാക്കും. അത് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കും. സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി മറ്റ് യാത്രക്കാരുടെ ബസ് യാത്രയുടെ ചിലവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നഗരത്തിലെ വാഹന മലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
മെട്രോയില്‍ നിന്ന് യാത്രക്കാരെ അകറ്റുന്നതിലൂടെ പരിസ്ഥിതിക്ക് ദീര്‍ഘകാല ദോഷം വരുത്തുന്നതിനൊപ്പം ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. സാമ്പത്തികമായി അഭിവൃദ്ധിപ്പെടാന്‍ ശ്രമിക്കുന്ന രാജ്യത്തിന്റെ നയങ്ങള്‍ക്ക് അത് എതിരാണ്,’ എന്നായിരുന്നു മോദി സൗജന്യ ബസ് യാത്രയെ വിമര്‍ശിച്ചത്.
എന്നാല്‍ അധികാരമേറ്റ ശേഷം ഈ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നാണ് ടി.ഡി.പി അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് എ.പി.എസ്.ആര്‍.ടി.സി. സൗജന്യ യാത്ര ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പറയുന്നത്.
Content Highlight: Modi Said He ‘Won’t Do Free Bus Rides’ for Women, but Andhra Govt, With BJP a Partner, Plans to