ന്യൂദല്‍ഹി: ബി.ജെ.പി തന്റെ കുടുംബത്തെ അധിക്ഷേപിച്ച കണക്കെടുക്കുകയാണെങ്കില്‍ നിരവധി പുസ്തകങ്ങള്‍ എഴുതാമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 91 തവണ കോണ്‍ഗ്രസിനാല്‍ താന്‍ അധിക്ഷേപിക്കപ്പെട്ടുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക.
‘അധിക്ഷേപിക്കപ്പെട്ടുവെന്ന് പറഞ്ഞ് ഒരു പ്രധാനമന്ത്രി പൊതു സമൂഹത്തിന് മുന്നില്‍ കരയുന്നത് ഞാന്‍ ആദ്യമായാണ് കാണുന്നത്. മറ്റുള്ളവരുടെ ദുഖങ്ങള്‍ കാണാതെ അദ്ദേഹം സ്വന്തം കാര്യത്തെ കുറിച്ച് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ഓഫീസിലെ ഒരാള്‍ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്.
മോദിയെ അധിക്ഷേപിച്ചവരുടെ ലിസ്റ്റ് ഒരു പേജിലെങ്കിലും ഉള്‍ക്കൊള്ളിക്കാന്‍ പറ്റി. എന്റെ കുടുബത്തെ അധിക്ഷേപിക്കുന്ന കണക്കെടുക്കുകയാണെങ്കില്‍ അത് പുസ്തകമായി ഇറക്കേണ്ടി വരും,’ പ്രിയങ്ക ഗാന്ധി പറഞ്ഞു.
തന്റെ സഹോദരനെ കണ്ട് പഠിക്കണമെന്നും അവന്‍ രാജ്യത്തിന് വേണ്ടി വെടിയുണ്ടകളേല്‍ക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ധൈര്യം കാണിക്കൂ മോദിജീ. എന്റെ സഹോദരനെ കണ്ട് പഠിക്കൂ. ഈ രാജ്യത്തിന് വേണ്ടി വെടിയുണ്ടകളേല്‍ക്കാനും അധിക്ഷേപങ്ങള്‍ നേരിടാനും തയ്യാറാണെന്ന് അവന്‍ എന്നോട് പറഞ്ഞിരുന്നു. പരിഹാസങ്ങളും അധിക്ഷേപങ്ങളും വകവെക്കാറില്ലെന്നും പറഞ്ഞിട്ടുണ്ട്,’ അവര്‍ പറഞ്ഞു.