കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കും; വിദ്വേഷ പരാമര്‍ശവുമായി മോദി
national news
കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കും; വിദ്വേഷ പരാമര്‍ശവുമായി മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2024, 4:38 pm

ഭോപ്പാല്‍: വിദ്വേഷ പരാമര്‍ശം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുമെന്ന് മോദി പറഞ്ഞു. മധ്യപ്രദേശിലെ ധാരില്‍ നടന്ന പ്രചാരണ റാലിയിലാണ് പരാമര്‍ശം.

ന്യൂനപക്ഷങ്ങക്ക് മുന്‍ഗണന നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് നിലവില്‍ നമ്മള്‍ കടന്നുപോകുന്നത്. ഇന്ത്യയില്‍ വോട്ട് ജിഹാദ് വേണോ രാമരാജ്യം വേണോ എന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും മോദി പറയുകയുണ്ടായി.

അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്രത്തില്‍ ബാബറി പൂട്ട് സ്ഥാപിക്കുന്നതിനും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുന്നതിനുമുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ തടയാന്‍ തനിക്ക് 400 സീറ്റുകള്‍ നല്‍കണമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാകിസ്ഥാന്റെ അനുയായികളാണെന്ന് മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ പാകിസ്ഥാനാണ് ദുഃഖമെന്നും കോണ്‍ഗ്രസ് ഇന്ത്യയില്‍ ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പാകിസ്ഥാനിലെ നേതാക്കന്മാരാണെന്നുമാണ് മോദി പറഞ്ഞത്. വോട്ട് ജിഹാദിനായി മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യാ മുന്നണിയെന്നും മോദി ആരോപിച്ചരുന്നു.

കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് ഭീകരവാദികള്‍ക്കുള്‍പ്പടെ രാജ്യത്ത് സ്ഥാനമുണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭീകരവാദത്തെ പൂര്‍ണമായും തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചതെന്നും മോദി ഗുജറാത്തില്‍ അവകാശപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്‌ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നും മോദി പ്രസംഗിച്ചിരുന്നു. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും കോണ്‍ഗ്രസ് വെറുതെ വിടില്ലെന്നും രാജസ്ഥാനില്‍ മോദി പറഞ്ഞിരുന്നു. മുസ്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും പ്രധാനമന്ത്രി വിശേഷിപ്പിക്കുകയുണ്ടായി.

എന്നാല്‍ ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശമടങ്ങുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ അപ്ലോഡ് ചെയ്തിരുന്ന ആനിമേറ്റഡ് വീഡിയോയാണ് നീക്കം ചെയ്തത്. വീഡിയോ ഒഴിവാക്കിയത് ബി.ജെ.പി ആണോ ഇന്‍സ്റ്റഗ്രാം ആണോ എന്നതില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

Content Highlight: Modi said Congress will select Indian cricket team on the basis of religion