തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കോരളത്തില്‍ രണ്ടക്കം കടക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ഉത്സാഹം കേരളത്തില്‍ ഇക്കുറി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും കാണാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘ ബി.ജെ.പി ഇത്തവണ 400ലധികം സീറ്റുകള്‍ നേടി വിജയിക്കും. ഇത്തവണയും പരാജയപ്പെടുമെന്ന കാര്യം പ്രതിപക്ഷത്തിന് ഉറപ്പാണ്. പരാജയ ഭീതിയില്‍ അവരുടെ സമനില തെറ്റിയതിനാല്‍ ആക്ഷേപിക്കുക മാത്രമാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്യുന്നത്’, പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന സംസ്ഥാന സര്‍ക്കാറിന്റെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. കേരളത്തോട് മാത്രമല്ല ഒരു സര്‍ക്കാരിനോടും കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം കേരളത്തിനും ലഭിക്കുന്നുണ്ട്. ജനങ്ങള്‍ അത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സ്വപ്‌നങ്ങളെല്ലാം സഫലമാക്കുമെന്നും ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മൂന്നാം സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കുമെന്നും കേരളത്തിന്റെ വികസനത്തിന് കേന്ദ്രം മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തിരുവന്തപുരത്തെ വി.എസ്.എസ്.സിയില്‍ നടന്ന ചടങ്ങിലും മോദി പങ്കെടുത്തു. പരിപാടിയില്‍ ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകള്‍ അദ്ദേഹം പ്രഖ്യാപിച്ചു. മലയാളിയായ പ്രശാന്ത് നായരാണ് ദൗത്യ സംഘത്തിന്റെ ക്യാപ്റ്റന്‍.
Contant Highlight: modi said bjp will win more seat in kerala