ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജിച്ച് തലകുനിക്കേണ്ടി വന്നിട്ടില്ലെന്ന മോദിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മുന്‍ പ്രസ്താവനകളെ ഉദ്ധരിച്ച് സമൂഹ മാധ്യമങ്ങള്‍ മോദിയെ ‘എയറി’ലാക്കിയത്.
രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും, അത്തരം അവസരം ഇല്ലാതിരിക്കാന്‍ തന്നെക്കൊണ്ട് കഴിയുന്ന വിധം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് മോദി പ്രസ്താവിച്ചിരുന്നു. ഈ വാചകങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പ്രവാചകനെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. ഈ സംഭവത്തെ അപലപിച്ച് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് അതൃപ്തിയറിയിച്ച് കത്ത് കൈമാറിയിരുന്നു.
സംഭവം അപലപനീയമാണെന്നും ലോക മുസ്‌ലിങ്ങളെ വേദനിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും ഖത്തര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്വേഷ പരാരമര്‍ശത്തില്‍ പ്രതിഷേധവുമായി കുവൈത്തും ഇറാനും അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു.
പ്രതിഷേധം വ്യാപകമായതോടെ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്ഷമാണവുമായി നുപുര്‍ ശര്‍മയും രംഗത്തെത്തിയിരുന്നു.
താന്‍ ഏറെക്കാലമായി ചാനല്‍ ചര്‍ച്ചകലില്‍ പങ്കെടുക്കുന്ന വ്യക്തിയാണെന്നും, ചര്‍ച്ചകളില്‍ ഗ്യാന്‍വാപിയില്‍ നിന്നും കണ്ടെടുത്ത ശിവലിംഗത്തെ പരിഹസിച്ച് വിവിധ കമന്റുകള്‍ കേള്‍ക്കാറുണ്ടെന്നും ഇതിലുണ്ടായ അമര്‍ഷമാണ് പ്രസ്താവനയില്‍ പ്രകടമായതെന്നുമായിരുന്നു നുപുര്‍ ട്വിറ്ററില്‍ കുറിച്ചത്. വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നുപുര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം പാര്‍ട്ടി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കി ബി.ജെ.പി വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മത വ്യക്തിത്വകങ്ങളേയും അധിക്ഷേപിക്കുന്നതിനെ അപലപിക്കുന്നുവെന്നും ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതിനെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബി.ജെ.പി പറഞ്ഞിരുന്നു.
ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശം.
ഇസ്‌ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്‌ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു.
Content Highlight: Modi’s statement goes viral after world criticizes India over controversial statement against prophet