| Wednesday, 5th June 2024, 12:35 pm

ജയ് ശ്രീരാമിന് പകരം ജയ് ജഗനാഥ് വിളിച്ച് മോദി, യു.പിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; മങ്ങിപ്പോയ 400 സീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ പ്രഭാവം മങ്ങി ബി.ജെ.പി. 400 സീറ്റുകൾ നേടി ഭരണത്തിലെത്തുമെന്ന പ്രതീക്ഷകളാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇല്ലാതായത്. രാമക്ഷേത്രം ഒരു പ്രധാന പ്രചാരണ വിഷയമാക്കിയിട്ടും ഉത്തർപ്രദേശിൽ നിന്ന് കിട്ടിയ തിരിച്ചടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചില്ല. തങ്ങളുടെ വിജയാഘോഷത്തിനിടെ നടത്തിയ പ്രസംഗത്തിൽ ഉത്തർപ്രദേശിനെക്കുറിച്ച് ഒന്നും തന്നെ മോദി പരാമർശിച്ചിരുന്നില്ല. 34 മിനിറ്റ് നീണ്ടുനിന്ന മോദിയുടെ പ്രസംഗം ആരംഭിച്ചത് ജയ് ജഗനാഥ്‌ എന്ന് പറഞ്ഞുകൊണ്ടായിരുന്നു.

രാമക്ഷേത്രം നിന്നിരുന്ന അയോധ്യയിലെ ഫൈസാബാദിലെയടക്കം തോൽവി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സഖ്യ കക്ഷികളെയും ചേർത്ത് എൻ.ഡി.യ്ക്ക് ഇത്തവണ ലഭിച്ചത് 293 സീറ്റുകളാണ്.

മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലുമാണ് ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടത്. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 70 സീറ്റുകളായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത് എന്നാൽ അത് 36 ആയി ചുരുങ്ങുകയായിരുന്നു. ശിവസേനയുമായും എൻ.സി.പിയുമായും സഖ്യമുണ്ടാക്കിയിട്ടും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല.

തന്റെ പ്രസംഗത്തിൽ ഒരിക്കൽ പോലും അദ്ദേഹം ഉത്തർപ്രദേശിനെക്കുറിച്ചോ 400 സീറ്റുകളെന്ന ലക്ഷ്യത്തെക്കുറിച്ചോ പരാമർശിച്ചില്ല. മറിച്ച് എതിരാളികളെ തങ്ങൾ തകർത്തുവെന്ന് പറയുകയായിരുന്നു.

‘എതിരാളികൾ ഒന്നിച്ചെങ്കിലും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റക്ക് നേടിയ സീറ്റുകൾ നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല,’ മോദി പറഞ്ഞു.

ലോക്സഭാ പ്രചാരണ വേളയിൽ ഇന്ത്യയിലെ മുസ്‌ലിങ്ങൾക്ക് നേരെ കടുത്ത വർഗീയ വിദ്വേഷ പ്രചാരണങ്ങളായിരുന്നു മോദിയുടെ പ്രസംഗങ്ങളിൽ ഉണ്ടായിരുന്നതെങ്കിൽ വിജയിച്ച ശേഷം അത് വികസന പ്രവർത്തനങ്ങളെക്കുറിച്ചായി മാറി. സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഞങ്ങൾ എല്ലായ്പ്പോഴും ദേശീയ താത്പര്യങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. കൊവിഡ് മഹാമാരി ബാധിച്ചപ്പോൾ രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യം മുൻനിർത്തിയാണ് ഞങ്ങൾ പ്രവർത്തിച്ചത്. ഇന്ന് ഇന്ത്യ ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ്,’ അദ്ദേഹം പറഞ്ഞു.

ഒപ്പം ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്‌, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ദൽഹി, ഹിമാചൽ പ്രദേശ്, കേരളം, തെലങ്കാന, ബീഹാർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.

1962ന് ശേഷം ആദ്യമായാണ് ഒരു സർക്കാർ മൂന്നാം തവണയും തുടർഭരണം നേടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ 147 സീറ്റുകളിൽ 78 സീറ്റുകളും നേടി ഒഡിഷയിൽ ബി.ജെ.പി മികച്ച വിജയം നേടിയിരുന്നു. നിലവിലെ ബിജു ജനത ദൾ പാർട്ടിയുടെ സീറ്റുകൾ ഒഡിഷയിൽ 51 ആയി കുറയുകയും ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെയായുണ്ടായിരുന്ന നവീൻ പട്നായ്കിന്റെ ഭരണം ഇത്തവണ അവസാനിക്കുകയായിരുന്നു.

Content Highlight: Modi’s speech after victory, didn’t mention about UP

We use cookies to give you the best possible experience. Learn more