കറുത്ത ടീഷര്‍ട്ട് ധരിച്ചെത്തിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍; പ്രോട്ടോക്കാള്‍ പ്രകാരമുള്ള നടപടിയെന്ന് വിശദീകരണം
national news
കറുത്ത ടീഷര്‍ട്ട് ധരിച്ചെത്തിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍; പ്രോട്ടോക്കാള്‍ പ്രകാരമുള്ള നടപടിയെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2023, 6:24 pm

ബെംഗളൂരു: പ്രധാനമന്ത്രിയുടെ റാലി കാണാനെത്തിയ കുട്ടിയുടെ ടീഷര്‍ട്ട് ഊരിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. കുട്ടി കറുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ചതിനാണ് നടപടി. കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഞായറാഴ്ച നടന്ന റാലിക്കിടെയായിരുന്നു സംഭവം.

അമ്മയോടൊപ്പം കറുത്ത ടീഷര്‍ട്ട് ധരിച്ചായിരുന്നു കുട്ടി റാലി കാണാനെത്തിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുനിര്‍ത്തുകയും കുട്ടിയുടെ ടീഷര്‍ട്ട് ഊരി മാറ്റാന്‍ അമ്മയോട് ആവശ്യപ്പെടുകയുമായിരുന്നു. അല്‍പസമയത്തിന് ശേഷം അമ്മ കുട്ടിക്ക് ടീഷര്‍ട്ട് ധരിപ്പിച്ചെന്നും എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീണ്ടും ഇവരോട് കുട്ടിയുടെ മേല്‍വസ്ത്രം മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും കറുത്ത വസ്ത്രം ധരിച്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ബെംഗളൂരു-മൈസുരു എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കര്‍ണാടകയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോദിയുടെ സന്ദര്‍ശനം രാഷ്ട്രീയ നേട്ടങ്ങള്‍ കൂടി കണക്കിലെടുത്താണെന്ന ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു.

മാണ്ഡ്യയില്‍ നടന്ന മെഗാ റോഡ്‌ഷോയിലൂടെയായിരുന്നു തുടക്കം.

അതേസമയം മോദി ഉദ്ഘാടനം ചെയ്തത് നിര്‍മാണം പൂര്‍ത്തിയാകാത്ത എക്‌സ്പ്രസ് വേ ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യു.പി.എ സര്‍ക്കാര്‍ 3000 കോടി രൂപ എസ്റ്റിമേറ്റില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച പദ്ധതി നിലവില്‍ 9551 കോടി രൂപ ചെലവാക്കിയാണ് നിര്‍മിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് (ഡി.ബി.എല്‍) കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

മുന്‍ പൊതുമരാമത്ത് മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം നിര്‍മാണം നടക്കുന്ന മേഖലയിലേക്ക് കാല്‍നട യാത്ര നടത്തിയിരുന്നു. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും ഇതാണ് മോദി തിരക്കിട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Content Highlight: Modi’s security personnel undressed the child who was wearing a black t-shirt; Clarification that action as per protocol