'റേപ്പ് കാപിറ്റല്‍' പരാമര്‍ശം: രാഹുലിന്റെ മാപ്പ് ആവശ്യപ്പെടുന്ന ബി.ജെ.പി എം.പിമാരെ വെട്ടിലാക്കി മോദിയുടെ ആ വീഡിയോ പുറത്ത്- വീഡിയോ
national news
'റേപ്പ് കാപിറ്റല്‍' പരാമര്‍ശം: രാഹുലിന്റെ മാപ്പ് ആവശ്യപ്പെടുന്ന ബി.ജെ.പി എം.പിമാരെ വെട്ടിലാക്കി മോദിയുടെ ആ വീഡിയോ പുറത്ത്- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 12:38 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘റേപ്പ് കാപിറ്റല്‍’ പരാമര്‍ശത്തിനെതിരെ ലോക്‌സഭയില്‍ ബി.ജെ.പി എം.പിമാര്‍ കനത്ത പ്രതിഷേധം തീര്‍ക്കുമ്പോള്‍, പാര്‍ട്ടിയെ വെട്ടിലാക്കി പ്രധാനമന്ത്രിയുടെ പഴയ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നു. രാഹുല്‍ ഈ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ സമാനമായ പരാമര്‍ശം മോദി നടത്തിയെന്നു തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, 2012-ല്‍ പ്രധാനമന്ത്രിയല്ലാതിരുന്ന കാലത്ത് മോദി സംസാരിക്കുന്ന വീഡിയോയാണിത്. ദല്‍ഹിയെ ‘റേപ്പ് കാപിറ്റല്‍’ ആക്കുന്നുവെന്നായിരുന്നു യു.പി.എ സര്‍ക്കാരിനും ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരെ ആഞ്ഞടിക്കുമ്പോള്‍ മോദി പറഞ്ഞത്.

പല വേദികളിലും സംസാരിക്കവേ മോദി റേപ്പ് കാപിറ്റല്‍ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നു തെളിയിക്കുന്ന ട്വീറ്റുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കര്‍ണാടകത്തിലും മുംബൈയിലുമായി മോദി നടത്തിയ പ്രസംഗങ്ങളിലായിരുന്നു ഈ പരാമര്‍ശമുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതു തെറ്റാണെന്നു തോന്നുന്നുവെങ്കില്‍ താങ്കള്‍ മാപ്പ് ചോദിക്കുമല്ലോ എന്നായിരുന്നു ഈ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്.

ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്ന് രാഹുല്‍ വിളിച്ചതിനെതിരെയാണ് വനിതാ എം.പിമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി സഭയില്‍ പ്രതിഷേധിക്കുന്നത്.

ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് കാഹളം മുഴക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശമാണോ ഇതെന്നും അവര്‍ ചോദിച്ചു.

രാഹുലിനെ ശിക്ഷിക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് റേപ്പ് കാപിറ്റല്‍ പരാമര്‍ശം രാഹുല്‍ നടത്തിയത്.