കന്യാകുമാരി: ചെറുകിട മത്സ്യത്തൊഴിലാളികളെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം. രണ്ടുദിവത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെ വിവേകാനന്ദപാറയിലാണുള്ളത്. ഈ പാറക്ക് ചുറ്റും അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കടലില്‍ സുരക്ഷ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. ഇതോടെ ചെറിയ ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
നേരത്തെ കാലാവസ്ഥ പ്രതികൂലമായതോടെ ഈ പ്രദേശങ്ങള്‍ മെയ് 16 മുതല്‍ 10 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ 3 ദിവസത്തേക്ക് കൂടി വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സമീപത്തെ നാല്‍പതോളം മത്സ്യബന്ധന ഗ്രാമങ്ങളില്‍ സുരക്ഷ സേന നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് വിവേകാനന്ദ പാറയിലേക്കുള്ള വിനോദ സഞ്ചാരത്തിന് നേരത്തെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് പ്രദേശത്തെ ചെറുകിട വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി രണ്ടായിരത്തോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ഇവര്‍ കടലിലും കരയിലും സദാസമയം നിരീക്ഷണം നടത്തുന്നുണ്ട്. അതിന് പുറമെ നാവിക സേനയും തീര സംരക്ഷണ സേനയും രംഗത്തുണ്ട്.
വി.വി.ഐ.പി സുരക്ഷയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സാധാരണക്കാരുടെ ദൈന്യംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസവും കടലില്‍ പോയാല്‍ പോലും ചെറിയ വരുമാനമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.
രണ്ട് ദിവസം കൂടി വിലക്ക് വന്നതോടെ മത്സത്തൊഴിലാളികളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പുമ്പുഹാര്‍ ഷിപ്പിങ് കോര്‍പറഷേന്‍ ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളികളെയാണ് ഈ വിലക്ക് കൂടുതല്‍ ബാധിച്ചിട്ടുള്ളത്.
സാധാരണ ദിവസങ്ങളില്‍ ചെറിയ ബോട്ടുകള്‍ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് പോയാണ് മീന്‍ പിടിക്കാറുള്ളത്. എന്നാല്‍ സുരക്ഷയുടെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 2 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണ് മത്സ്യത്തൊളിലാളികള്‍ക്ക് കടലില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതിനപ്പുറത്തേക്ക് പോകുന്നവരെ സുരക്ഷാസേനകളുടെ കപ്പലുകള്‍ ഉപയോഗിച്ച് തടയുകയാണ്.
ഇക്കാരണത്താല്‍ തന്നെ കാര്യമായ മത്സ്യമൊന്നും ലഭിക്കുകയും ചെയ്തില്ല. കനത്ത സുരക്ഷ പരിശോധന കാരണം വ്യപാരികള്‍ കച്ചവടത്തില്‍ നിന്ന് പിന്‍മാറിയതും മത്സ്യത്തൊഴിലാകളെ പ്രസിസന്ധിയിലാക്കിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് 4000 രൂപ ലഭിച്ചിരുന്ന മീനിന് ഇപ്പോള്‍ 1500 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും മത്സ്യത്തൊഴിലാളികളെ ഉദ്ധരിച്ച് കൊണ്ട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
content highlights: Modi’s meditation; Kanyakumari fishermen in crisis