ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നിട്ടും ജി20 ആഘോഷങ്ങള്‍ നിര്‍ത്തിയില്ലെന്ന് വിമര്‍ശനം. അനന്തനഗറില്‍ ഭീകരരെ നേരിടുന്നതിനിടെയാണ് കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആഷിഷ് ധോഞ്ചക്, ഡി.എസ്.പി ഹ്യൂമയൂണ്‍ ഭട്ട് എന്നിവരാണ് ബുധനാഴ്ച ഭീകരരെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ടത്.
ഈ വാര്‍ത്ത പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ജി20യുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറായില്ല എന്നാണ് വിമര്‍ശനം. ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നിലപാടിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു.
നരേന്ദ്രമോദിയുടേത് വിവേക രഹിതമായ നടപടിയാണെന്നായിരുന്നു സംഭവത്തോട് കോണ്‍ഗ്രസ് പ്രതികരണം. കൊല്ലപ്പെട്ട സൈനികരുടെ വിലാപ യാത്രകളുടെ ദൃശ്യവും അതേ സമയത്ത് തന്നെ ബി.ജെ.പി ഓഫീസില്‍ നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ആഘോഷം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
ആര്‍.ജെ.ഡി നേതാവ് മനോജ് ത്സായും സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നു. പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോഴും നരേന്ദ്രമോദിയുടെ നിലപാട് സമാനമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പുല്‍വാമ സംഭവം നടക്കുമ്പോള്‍ വൈകിയാണ് വിവരം അറിഞ്ഞത് എന്നു പറഞ്ഞ് ഡിസ്‌കവറി ചാനലിന്റെ ഡോക്യുമെന്ററി ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നു മോദി ചെയ്തത്. സൈനികര്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞിട്ടും ഷൂട്ടിങ് നിര്‍ത്തി വെക്കാന്‍ തയ്യാറായില്ല. ഇത്തവണ രാവിലെ തന്നെ എല്ലാം അറിഞ്ഞിട്ടും ആഘോഷം തുടരുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം കശ്മീരില്‍ ശാന്തിയും സമാധാനാവും കൈവന്നു എന്ന ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ തള്ളിക്കളയുന്നതാണ് കശ്മീരില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളും, ആക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും.
content highlights: Modi’s G20 celebration at BJP headquarters as soldiers die in Kashmir; Criticism