മോദിയുടെ സാമ്പത്തിക നയത്തിനെതിരെ പോരിനിറങ്ങി ആര്‍.എസ്.എസും; ആവര്‍ത്തിക്കുന്നത് വാജ്പേയി കാലത്തെ പോര്
Economic Crisis
മോദിയുടെ സാമ്പത്തിക നയത്തിനെതിരെ പോരിനിറങ്ങി ആര്‍.എസ്.എസും; ആവര്‍ത്തിക്കുന്നത് വാജ്പേയി കാലത്തെ പോര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th October 2019, 11:56 am

ന്യൂദല്‍ഹി: മോദിയുടെ സാമ്പത്തിക നയത്തെച്ചൊല്ലി ആര്‍.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള പോര് മുറുകുന്നു. മോദി സര്‍ക്കാരും ബി.ജെ.പിയും ഒരുവശത്തും ആര്‍.എസ്.എസും സ്വദേശി ജാഗരണ്‍ മഞ്ചും ബി.എം.എസും മറുവശത്തുമായാണ് പോര് നടക്കുന്നത്.

വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് വിദേശ മുതല്‍മുടക്ക് ഉള്‍പ്പെടെയുള്ള ഉദാരവത്കരണ നടപടികളുടെ പേരില്‍ സര്‍ക്കാരും സംഘപരിവാറുമായുണ്ടായ ഏറ്റുമുട്ടലിനു സമാനരീതിയിലാണ് ഇപ്പോഴുള്ള പോര്. സംഘപരിവാറിന് പാര്‍ട്ടിക്കും സര്‍ക്കാരിനും മേല്‍ സ്വാധീനം കുറഞ്ഞിട്ടുണ്ടെന്ന് സംഘപരിവാര്‍ വൃത്തങ്ങള്‍ക്ക് അഭിപ്രായമുണ്ട്.

വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി നേതൃനിരയിലുള്ളവര്‍ സ്വദേശി അനുഭാവമുള്ളവരായിരുന്നുവെന്നും എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്നും അതുകൊണ്ടാണ് അവഗണിക്കപ്പെടുന്നതെന്നും സംഘപരിവാര്‍ വൃത്തങ്ങള്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ചാണ് പുതിയ തര്‍ക്കം. നോട്ടുനിരോധനം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന, ബാങ്കുകളുടെ ലയനം തുടങ്ങിയവയെ സ്വദേശി ജാഗരണ്‍ മഞ്ച് ചോദ്യം ചെയ്തിരുന്നു. നോട്ട് നിരോധനത്തിന് നിലവിലെ സാമ്പത്തിക മാന്ദ്യത്തില്‍ പങ്കുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഇതുവരെ നടക്കാതിരുന്നത് തങ്ങളുടെ എതിര്‍പ്പുമൂലമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ബാങ്കുകള്‍ ലയിപ്പിക്കുന്നതില്‍ ജീവനക്കാരുടെ തൊഴില്‍ നഷ്ടം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് ബി.എം.എസ് പറയുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തല്ല ബാങ്കുകള്‍ ലയിപ്പിക്കേണ്ടതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് പറയുന്നുണ്ട്.

ആര്‍.സി.ഇ.പി ഇന്ത്യക്ക് ദോഷകരമാണെന്നു പറയുന്ന സ്വദേശി ജാഗരണ്‍ മഞ്ച്, മാന്ദ്യത്തിന്റെ കാലത്ത് ഇത്തരം നടപടികള്‍ ആലോചിക്കാനേ പാടില്ലെന്നും പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക വ്യാപാര സംഘടന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി, ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ മുതല്‍മുടക്ക് അനുവദിക്കാനും പേറ്റന്റ് നിയമം ഭേദഗതി ചെയ്യാനും വാജ്പേയി സര്‍ക്കാര്‍ നടപടികളെടുത്തപ്പോള്‍ ആര്‍.എസ്.എസ് ‘മുന്നറിയുപ്പു’ ദിനം പ്രഖ്യാപിച്ചു.

ഇപ്പോള്‍ ആര്‍.സി.ഇ.പിക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ള പ്രക്ഷോഭവും മുന്നറിയിപ്പെന്നാണ് പ്രധാനമന്ത്രിക്കുള്ള നിവേദനത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ച് വ്യക്തമാക്കിയിട്ടുള്ളത്.