ഭോപ്പാല്‍: സ്വന്തം വേദനയില്‍ സ്ഥിരമായി അസ്വസ്ഥനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരച്ചില്‍ തേരെ നാം സിനിമയിലെ സല്‍മാന്‍ ഖാന്റെതുപോലെയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെ ദാതിയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അവര്‍.
‘അദ്ദേഹം നേരിട്ട അധിക്ഷേപങ്ങളുടെ ഒരു നീണ്ട പട്ടികയുമായി കര്‍ണാടകയിലേക്ക് പോയി. അവിടെ വെച്ച് അദ്ദേഹം കരയുന്നത് പോലെ തോന്നി. നിങ്ങള്‍ സല്‍മാന്‍ഖാന്റെ ‘തേരെ നാം’ എന്ന സിനിമ കണ്ടിട്ടുണ്ടോ? അതില്‍ സല്‍മാന്‍ ഖാന്‍ ആദ്യം മുതല്‍ അവസാനം വരെ കരയുകയാണ്. മേരെ നാം എന്ന പേരില്‍ പ്രധാനമന്ത്രി മോദിയെ വെച്ച് ഒരു സിനിമ ചെയ്യാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു,’ പ്രിയങ്ക റാലിയില്‍ പറഞ്ഞു.
ബി.ജെ.പിയിലെ എല്ലാ നേതാക്കളും ‘അല്പം വിചിത്രരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മെയ് മാസത്തില്‍ കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി കരയുന്നുവെന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചിരുന്നു.’ ഞാന്‍ കണ്ടിട്ടുള്ളതില്‍ താന്‍ അധിഷേപിക്കപ്പെട്ടു എന്ന് പറഞ്ഞ് കരയുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി,’ എന്ന് പ്രിയങ്ക പറഞ്ഞിരുന്നു.
മോദി ജനങ്ങളുടെ സങ്കടം കേള്‍ക്കുന്നതിനു പകരം അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ ജനങ്ങളോട് വന്ന് പറയുകയാണെന്ന് അന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ cryPM payCM എന്നീ ഹാഷ്ടാഗുകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
content highlight : Modi’s crying is like Salman Khan in Tere Naam: Priyanka Gandhi