ന്യൂദല്‍ഹി: ഭീകരവാദത്തിലൂടെ സാമ്രാജ്യം സൃഷ്ടിക്കാന്‍ എക്കാലവും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന് മനുഷ്യരാശിയെ എന്നെന്നേക്കുമായി അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.
”നാശത്തിനായി പരിശ്രമിക്കുന്ന ശക്തികള്‍ക്കും ഭീകരതയില്‍ നിന്ന് സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ക്കും കുറച്ചുകാലം ആധിപത്യം സ്ഥാപിക്കാന്‍ കഴിയും, എന്നാല്‍ മനുഷ്യരാശിയെ എന്നെന്നേക്കുമായി അടിച്ചമര്‍ത്താന്‍ കഴിയാത്തതിനാല്‍ അവരുടെ നിലനില്‍പ്പ് ശാശ്വതമല്ല,” മോദി പറഞ്ഞു.
ഗുജറാത്തിലെ സോമനാഥില്‍ നടന്ന പരിപാടിയിലായിരുന്നു മോദിയുടെ പരാമര്‍ശം. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം.
കഴിഞ്ഞദിവസം, അഫ്ഗാനിസ്താനില്‍ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ് നടന്നിരുന്നു.
അസദാബാദിലും ജലാലാബാദിലും നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരെയാണ് താലിബാന്റെ ആക്രമണം നടന്നത്.
അതേസമയം, താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തുകഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിയിരുന്നു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍. പറന്നുയരാന്‍ പോകുന്ന വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.