| Friday, 19th July 2024, 7:38 pm

അദാനിയിൽ നിന്ന് കോൺഗ്രസ് കള്ളപ്പണം സ്വീകരിച്ചെന്ന മോദിയുടെ ആരോപണം വെറും തെരഞ്ഞെടുപ്പ് തന്ത്രം, അന്വേഷണം വേണ്ട: ലോക്പാൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഗൗതം അദാനി, മുകേഷ് അംബാനി എന്നിവര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആരോപണം കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളി അഴിമതി വിരുദ്ധ സമിതി ലോക്പാല്‍.

മെയ് എട്ടിന് തെലങ്കാനയിലെ കരിംനഗറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിനും കോണ്‍ഗ്രസിനുമെതിരെ മോദി ആരാപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും പണം സ്വീകരിക്കുന്നുണ്ടോ എന്നാണ് റാലിയില്‍ മോദി പ്രസംഗിച്ചത്.

തെരഞ്ഞെടുപ്പിനായി അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസ് പിരിച്ചെടുത്ത തുക എത്രയാണെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. എത്ര ചാക്ക് കള്ളപ്പണമാണ് ലഭിച്ചതെന്നും കറന്‍സി നിറച്ച ടെംബോകൾ കോണ്‍ഗ്രസിനെ തേടി എത്തിയോ എന്നുമാണ് പ്രചരണ വേദിയില്‍ മോദി പറഞ്ഞത്.

ഈ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലോക്പാലിന് മുമ്പാകെ പരാതി ലഭിച്ചത്.

പ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, എം.പിമാര്‍ല ഉള്‍പ്പെടെയുള്ള ഉന്നത പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ള സമിതിയാണ് ലോക്പാല്‍.

സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോദി ഇക്കാര്യം അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ലോക്പാല്‍ നിയമപ്രകാരം പരാതിക്കാരന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ലോക്പാല്‍ പരാതി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം നടത്തിയ പ്രസ്താവനകളാണ് ഇതെന്നാണ് ലോക്പാല്‍ പറഞ്ഞത്. എത്ര ഉന്നതരായാലും അവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച് അതില്‍ കൃത്യമായ നടപടിയെടുക്കുെമന്നും ലോക്പാല്‍ വ്യക്തമാക്കി.

എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഉത്തരവില്‍ പറഞ്ഞു. വിരമിച്ച സുപ്രീംകോടതി ജഡ്ജി എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ലോക്പാലിന്റെ ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ് .

Content Highlight: Modi’s claims about Congress receiving black money from Adani, Ambani ‘election propaganda’: Lokpal

We use cookies to give you the best possible experience. Learn more