രണ്ടര വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിന് ചെലവാക്കിയത് 1,100 കോടി രൂപ; മംഗള്‍യാന്‍ പദ്ധതിയുടെ രണ്ടിരട്ടി
Daily News
രണ്ടര വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിന് ചെലവാക്കിയത് 1,100 കോടി രൂപ; മംഗള്‍യാന്‍ പദ്ധതിയുടെ രണ്ടിരട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th November 2016, 7:38 am

ന്യൂദല്‍ഹി:  അധികാരത്തിലേറി രണ്ടര വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 1,100 കോടി രൂപയെന്ന് വിവരാവകാശ രേഖകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രമാക്കിയാണ് പരസ്യങ്ങള്‍.

രാംവീര്‍ സിംഗ് എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തില്‍ നിന്നാണ് വിവരങ്ങള്‍ ലഭ്യമായതെന്ന് ദി ക്യാച്ച് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ പദ്ധതിക്കായി ചെലവഴിച്ചതിന്റെ രണ്ട് ഇരട്ടിയോളമാണ് ഈ തുകയെന്നും ദി ക്യാച്ച് ന്യൂസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

rti

2014 ജൂണ്‍ 1 മുതല്‍ 2016 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തില്‍ നിന്ന് ലഭ്യമായത്. ഈ കണക്കുകള്‍ പ്രകാരം ഒരു ദിവസത്തെ പരസ്യ ചെലവ് ഏകദേശം 1.4 കോടി രൂപയാണ്. ആകെ തുക 1,100 കോടി രൂപയും. മംഗള്‍യാന്‍ പദ്ധതിയുടെ ചെലവ് 450 കോടി രൂപയായിരുന്നു.

ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ്ങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നാണ് വിവിധ വകുപ്പുകളിലെ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ വിവരം ലഭിച്ചത്.

ടെലിവിഷന്‍ പരസ്യങ്ങള്‍, റേഡിയോ പരസ്യങ്ങള്‍, ഇന്റര്‍നെറ്റ് പരസ്യങ്ങള്‍, സിനിമ പരസ്യങ്ങള്‍, എസ്.എം.എസ് വഴിയുള്ള പരസ്യങ്ങള്‍ എന്നിവ മാത്രമായുള്ള കണക്കുകളാണിവ. പത്രപ്പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ഹോര്‍ഡിംഗുകള്‍, ബുക്ക്‌ലെറ്റുകള്‍ എന്നിവയുടെ ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.