| Sunday, 21st February 2021, 4:36 pm

വീമ്പിളക്കൽ നിർത്തി ജോലി തരൂ മോദി; ട്വിറ്ററിൽ ട്രെൻഡിങ്ങായി യുവാക്കളുടെ രോഷം; മിനുറ്റുകൾകൊണ്ട് പതിനായിരങ്ങൾ അണിനിരക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി തൊഴിൽ ഇല്ലായ്മ അനുഭവിക്കുന്ന യുവാക്കളുടെ രോഷം. മോദി റോസ്​ഗർ ദോ എന്ന ഹാഷ്ടാ​ഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങ്.

ഇതിനോടകം ഒരു മില്ല്യൺ ആളുകളോളമാണ് ട്വിറ്ററിൽ ഈ ഹാഷ് ടാ​ഗിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പേരും മോദി റോസ്​ഗർ ദോ എന്ന ഹാഷ്ടാ​ഗ് ഏറ്റെടുത്തിട്ടുണ്ട്. മിനുറ്റുകൾക്കൊണ്ടാണ് തൊഴിൽ ഇല്ലായ്മക്കെതിരെ ട്വിറ്ററിൽ ആരംഭിച്ച ക്യാമ്പയിനിൽ ആളുകൾ അണിനിരക്കുന്നത്.

കൂടുതലും വിദ്യാർത്ഥികളാണ് വർദ്ധിക്കുന്ന തൊഴിൽ ഇല്ലായ്മയിൽ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തെ വലിയ സർവ്വകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദം ഉൾപ്പെടെ നേടിയിട്ടും തങ്ങൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു.

മോദിയുടെ വാചകമടി കൊണ്ട് മാത്രം കാര്യമില്ല തങ്ങൾക്ക് തൊഴിൽ വേണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും ട്വിറ്ററിൽ നടക്കുന്ന ക്യാമ്പയിന് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കൂ എന്നാണ് രാഹുൽ പറഞ്ഞത്.

റെയിൽവേ ഉൾപ്പെടെയുള്ള കേന്ദ്ര സർവ്വീസിലേക്ക് ആളുകളെ എടുക്കാൻ വൈകുന്നതിലും വിദ്യാർത്ഥികൾ വിമർശനം ഉന്നയിക്കുന്നുണ്ട്. മോദി സർക്കാർ പറഞ്ഞ രണ്ട് കോടി തൊഴിൽ അവസരങ്ങൾ എവിടെയെന്നും ഒരുപാട് പേർ ചോദ്യം ഉന്നയിക്കുന്നുണ്ട്.

സ്വകാര്യവത്കരണത്തിലൂടെ എല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ് എന്ന വിമർശനവും വലിയ തോതിൽ ഉയരുന്നുണ്ട്.

നേരത്തെയും കേന്ദ്രസർക്കാരിന്റെ കീഴിൽ രാജ്യത്ത് തൊഴിൽരഹിതർ വർദ്ധിക്കുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായി റെയില്‍വെയിലുള്‍പ്പെടെ നിയമനങ്ങള്‍ നടക്കാത്ത പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റോപ്പ് പ്രൈവറ്റൈസേഷന്‍ സേവ് ഗവണ്‍മെന്റ് ജോബ് എന്ന ക്യാമ്പയിന്‍ ട്വിറ്ററിൽ ആരംഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:#modi_rojgar_do: Campaign against unemployment trending in Twitter

We use cookies to give you the best possible experience. Learn more