| Friday, 17th May 2024, 4:34 pm

നിലപാടില്‍ യൂ ടേണ്‍; 400 സീറ്റ് നേടുമെന്ന് പറഞ്ഞിട്ടില്ല: മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടുമെന്ന അവകാശവാദം തിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ‘ഞങ്ങള്‍ ഒരിക്കലും 400 സീറ്റെന്ന അവകാശവാദം ഉന്നയിച്ചിയിട്ടില്ല, അത് ജനങ്ങള്‍ പറഞ്ഞതാണ്. ഞങ്ങള്‍ തോല്‍ക്കുമെന്നോ ജയിക്കുമെന്നോ പറഞ്ഞിട്ടില്ല. ജനങ്ങളുടെ അഭിപ്രായം പറഞ്ഞു. അത്രമാത്രം,’ എന്നായിരുന്നു മോദിയുടെ പ്രസ്താവന.

താനും തന്റെ പാര്‍ട്ടിയും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നവരാണെന്നും, അത്തരത്തില്‍ അവര്‍ക്കിടയിലേക്ക് ചെന്നപ്പോള്‍ ലഭിച്ച ആശയമാണ് 400 ലോക്‌സഭാ സീറ്റ് എന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങള്‍ക്കിടയിലേക്ക് ചെന്ന് അവരോട് സംസാരിച്ചപ്പോഴാണ്, അവരുടെ ആവശ്യം മനസിലായത്. ബി.ജെ.പി 400 സീറ്റ് അര്‍ഹിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ, എന്തുകൊണ്ട് 400 സീറ്റ് ലഭിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരവും കിട്ടി. അത് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അതുമായി മുന്നോട്ട് പോകുകയും ചെയ്തു,’ മോദി പറഞ്ഞു.

‘ജനങ്ങളുടെ അഭിപ്രായം മനസിലാക്കിയ ഞാന്‍ നേതാവെന്ന നിലയില്‍ അതെന്റെ സഖ്യ കക്ഷികളോട് പറയണം. അതിനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. അത് എന്റെ കടമ കൂടിയാണ്. അതുകൊണ്ടാണ് 400 സീറ്റെന്ന ലക്ഷ്യം മുന്നോട്ട് വെച്ചത്.’ മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഭരണഘടന മാറ്റാന്‍ വേണ്ടിയാണ് 400 സീറ്റ് ലക്ഷ്യം വെക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളിയ അദ്ദേഹം, ഇന്ത്യാ സഖ്യം ഭയത്തിലാണെന്നും പറഞ്ഞു.

അതേസമയം കേരളത്തിലുള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയിലെല്ലാം മോദി 400 സീറ്റെന്ന മുദ്രാവാക്യമായിരുന്നു ഉയര്‍ത്തിയത്. ബി.ജെ.പിക്ക് 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടന മാറ്റുമെന്ന് ബി.ജെ.പി നേതാവും എം.പിയുമായ അനന്ദ് കുമാര്‍ ഹെഗ്ഡെ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്. മോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെല്ലാം വിവാദമായിരുന്നു. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മോദി ഇപ്പോള്‍ പറഞ്ഞ വാക്കുകളെല്ലാം ഓരോന്നായി തിരുത്തികൊണ്ടിരിക്കുന്നത്.

Content Highlight: Modi retracts again; I never said that: Modi

We use cookies to give you the best possible experience. Learn more