ന്യൂദല്‍ഹി: പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം നടത്തിയ ആദ്യമായി വാര്‍ത്ത സമ്മേളനത്തിനെത്തിയ മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. അമിത് ഷായടക്കം പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെ വാര്‍ത്താ സമ്മേളനത്തിന് എത്തിയ മോദി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മിണ്ടാതിരിക്കുകയാണ് ചെയ്തത്.
പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്‌സെ പ്രകീര്‍ത്തനത്തെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അധ്യക്ഷനാണ് തങ്ങള്‍ക്കെല്ലാമെന്നും താന്‍ അച്ചടക്കത്തോടെ കേട്ടിരിക്കാമെന്നും അമിത് ഷായെ ചൂണ്ടിക്കാണിച്ച് മോദി പറയുകയായിരുന്നു.
67 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ആറുമണിയോടെ കൊട്ടിക്കലാശം അവസാനിക്കാനിരിക്കെയാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.
വാര്‍ത്താ സമ്മേളനത്തില്‍ കൂടുതലും സംസാരിച്ച അമിത് ഷാ ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളതെന്നും ഈ വികസനം മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും മോദി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത് തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ നാലോ അഞ്ചോ ദിവസം ബാക്കിയുള്ളപ്പോഴാണെന്നും ഈ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് ഇത് ആദ്യമാണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു. നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം ദല്‍ഹിയില്‍ നടക്കുന്ന സമയത്ത് തന്നെയായിരുന്നു രാഹുലിന്റെയും വാര്‍ത്താ സമ്മേളനം.
‘ഇപ്പോള്‍ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് റാഫേലില്‍ അദ്ദേഹം എന്തുകൊണ്ട് എന്നോട് ചര്‍ച്ചക്ക് തയ്യാറാവുന്നില്ല എന്നാണ്. ഞാന്‍ അദ്ദേഹത്തിനെ വെല്ലുവിളിക്കുകയാണ്. മാധ്യമങ്ങള്‍ പറയണം നിങ്ങള്‍ എന്തുകൊണ്ടാണ് ഇതില്‍ വാദം നടത്താത്തത്.’ രാഹുല്‍ ചോദിച്ചു.