ന്യൂദല്‍ഹി: ധാരാവി പുനര്‍വികസന പ്രൊജക്ട് അദാനി ഗ്രൂപ്പിന് കൈമാറിയ സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരുകളെ കൂട്ടുകാര്‍ക്കുള്ള എ.ടി.എം മെഷീനാക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ്. ധാരാവി റീഡെവലപ്‌മെന്റ് പ്രൊജക്ട് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നടപടിയെ വിമര്‍ശിക്കുകയായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
വെള്ളിയാഴ്ച ഭവന വകുപ്പ് മന്ത്രി പദവി ഒഴിയുന്നതിന് തൊട്ടുമുമ്പായാണ്, ദേവേന്ദ്ര ഫഡ്നാവിസ് മുംബൈയിലെ 600 ഏക്കര്‍ ഭൂമി ഉള്‍പ്പെടുന്ന 5,069 കോടി രൂപയുടെ ധാരാവി പുനര്‍വികസന പദ്ധതി അദാനി ഗ്രൂപ്പിന് കൈമാറിയതെന്ന് ജയറാം രമേശ് വിമര്‍ശിച്ചു.
‘ഈ പ്രൊജ്ക്ട് ആദ്യം മറ്റൊരു ലേലക്കാരന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പിന്നീട് തര്‍ക്കത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോദിയുടെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമെ വിജയിക്കൂവെന്ന് ഉറപ്പാക്കാന്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ മാറ്റാന്‍ ഷിന്‍ഡെ-ഫഡ്നാവിസ് സര്‍ക്കാര്‍ ചരടുവലി നടത്തി.
മുന്‍ കരാറുകാരനെ ഒഴിവാക്കാനും അദാനി ഗ്രൂപ്പിന്റെ പാത എളുപ്പമാക്കാനും കരാര്‍ നേടാനാവശ്യമായ ഏറ്റവും കുറഞ്ഞ ആസ്തി 10,000 കോടിയില്‍ നിന്ന് 20,000 കോടി രൂപയായി ഉയര്‍ത്തിരുന്നു. തവണകളായി പണമടയ്ക്കാനും അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരുകളെ ചങ്ങാതിമാര്‍ക്കുള്ള എ.ടി.എം മെഷീനാക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്,’ ജയറാം രമേശ് ട്വീറ്റ് ചെയ്തു.
അതേസമയം, ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനര്‍വികസനം നടത്താനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്തിമാനുമതി അദാനി ഗ്രൂപ്പിന് ലഭിച്ചതായി മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം 5,070 കോടി രൂപയുടെ ലേലം വിളിച്ചാണ് അദാനി പദ്ധതി നേടിയത്.
20 ദശലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവി ചേരി ഏകദേശം 620 ഏക്കറിലായി വ്യാപിച്ച് കിടക്കുകയാണ്. സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയിലൂടെ പ്രശസ്തമായ ധാരാവിയില്‍ ജെ.പി. മോര്‍ഗന്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ഷോപ്പിങ് മാളുകള്‍, എംബസികള്‍, ബാങ്കുകള്‍ എന്നിവയുമുണ്ട്.