ലണ്ടന്‍: മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിക്കുന്നവരെ പരിഹസിച്ച് മോദി. ലണ്ടനിലെ സെന്‍ട്രല്‍ ഹാള്‍ വെസ്റ്റ്മിനിസ്റ്ററിലെ സംവാദത്തിനിടെയാണ് തന്നെ വിമര്‍ശിക്കുന്നവരെ മോദി പരിഹസിച്ചത്.
സംവാദത്തിനിടെ “നരേന്ദ്രമോദിയുടെ സ്റ്റാമിനയുടെ രഹസ്യം” എന്താണെന്ന ചോദ്യത്തോട് പ്രതികരിക്കവേയായിരുന്നു മോദിയുടെ പരിഹാസം.
“ഇതിന് പല ഉത്തരങ്ങളുമുണ്ട്. ഒരു ഉത്തരം, ഞാന്‍ കഴിഞ്ഞ ഇരുപതുവര്‍ഷക്കാലമായി ദിവസവും ഒന്ന് രണ്ട് കിലോ ചീത്തവിളി കഴിക്കുന്നുണ്ട്.” എന്ന് പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു മോദി.
മോദിയുടെ ഈ പ്രതികരണം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയില്‍ ജനങ്ങള്‍ തന്നെ ചീത്തവിളിക്കുകയാണ് എന്ന് സമ്മതിക്കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.
ഇക്കാര്യം സമ്മതിച്ച മോദിയോട് എന്തുകൊണ്ട് ജനങ്ങളുടെ അതൃപ്തിയെ നിങ്ങള്‍ ഗൗരവമായി കാണുന്നില്ല എന്ന ചോദ്യം ചോദിക്കാത്തതെന്തെന്നും ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ ചോദിക്കുന്നു.
ഇതെല്ലാം മോദിയുടെ അഭിനയവും വാക് ചാതുര്യവുമാണെന്ന് പറഞ്ഞും ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്തുവന്നിട്ടുണ്ട്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നോട്ട് നിരോധനം, ജി.എസ്.ടി, കര്‍ഷക പ്രശ്‌നങ്ങള്‍, ദാദ്രി വിഷയം തുടങ്ങി ഏറ്റവുമൊടുവിലായി കഠ്‌വ, ഉന്നാവോ ബലാത്സംഗങ്ങളിലടക്കം ഇന്ത്യയില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങളെ അവഗണിക്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ലണ്ടനില്‍ മോദി നടത്തിയ ഈ പരാമര്‍ശം.