| Sunday, 26th August 2018, 9:05 pm

റിസ്റ്റ് വാച്ച്, വെള്ളി ഫലകം, മോണ്ട്ബ്ലാങ്ക് പേന: മോദിയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ഒരു വര്‍ഷത്തിനിടെ ലഭിച്ചത് 12 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കഴിഞ്ഞ വര്‍ഷം വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ ലഭിച്ചത് 12.57 ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളെന്ന് കണക്കുകള്‍. 2017 ജൂലായ് മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ മോദിയ്ക്കു വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച 168 സമ്മാനങ്ങളുടെ മൂല്യമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രഷറി പുറത്തുവിട്ട കണക്കുകളില്‍ സൂചിപ്പിക്കുന്നത്.

1.10 ലക്ഷം രൂപ വിലവരുന്ന മോണ്ട്ബ്ലാങ്ക് റിസ്റ്റ് വാച്ച്, 2.15 ലക്ഷം രൂപയുടെ വെള്ളി ഫലകം, 1.25 ലക്ഷത്തിന്റെ മോണ്ട്ബ്ലാങ്ക് പേനകള്‍ എന്നിവയടങ്ങുന്നതാണ് മോദിയ്ക്ക് ലഭിച്ചിട്ടുള്ള ഉപഹാരങ്ങള്‍. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് കണക്കുകള്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്.

Also Read: അമിത് ഷായുടെ സുരക്ഷക്ക് ചെലവഴിക്കുന്ന പണം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷന്‍

ചിത്രങ്ങള്‍, പുസ്തകങ്ങള്‍, ബുള്ളറ്റ് ട്രെയിനിന്റെ മോഡല്‍ എന്നിവയും മോദിയ്ക്കു പല രാജ്യങ്ങളില്‍ നിന്നായി ലഭിച്ചിട്ടുണ്ട്. നേപ്പാളില്‍ നിന്നുള്ള ക്ഷേത്രങ്ങളുടെ മാതൃകകള്‍, വെള്ളിപ്പാത്രങ്ങള്‍, കാര്‍പ്പെറ്റുകള്‍, കമ്പിളി വസ്ത്രങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ വസ്തുക്കളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രായേല്‍, ജര്‍മനി, ചൈന, ജോര്‍ദാന്‍, പലസ്തീന്‍, യു.എ.ഇ., റഷ്യ, ഒമാന്‍, സ്വീഡന്‍, യു.കെ., ഇന്തൊനീഷ്യ, മലേഷ്യ എന്നിവയടക്കം 20 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചിട്ടുള്ളത്.

രാജ്യത്തു നിന്നും വിദേശരാജ്യങ്ങളില്‍ പോകുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു ലഭിക്കുന്ന ഉപഹാരങ്ങളുടെ മൂല്യം അയ്യായിരം രൂപയ്ക്കുമേലെയാണെങ്കില്‍ ട്രഷറിയില്‍ സൂക്ഷിക്കുകയും, അതില്‍ കുറവാണെങ്കില്‍ അതാതു വ്യക്തികള്‍ക്കു തന്നെ നല്‍കുകയുമാണ് പതിവ്.

We use cookies to give you the best possible experience. Learn more