ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഭിന്നിപ്പിന്റെ തലവന്‍’ എന്നു വിശേഷിപ്പിച്ചുള്ള ടൈം മാഗസിന്റെ കവര്‍ പേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി മോദി. ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആള്‍ പാക്കിസ്ഥാനി കുടുംബത്തില്‍ നിന്നുവരുന്നതാണെന്നും അയാള്‍ക്ക് അത്ര വിശ്വാസ്യതയേയുള്ളൂവെന്നുമാണ് മോദി പറഞ്ഞത്.
‘ ടൈം മാഗസിന്‍ വിദേശ മാഗസിനാണ്. താന്‍ പാക്കിസ്ഥാനി രാഷ്ട്രീയ കുടുംബത്തില്‍ നിന്നുവരുന്നയാളാണെന്നാണ് എഴുത്തുകാരനും പറഞ്ഞത്. അയാള്‍ക്ക് അത്ര വിശ്വാസ്യതയേയുള്ളൂ.’ മോദി പറഞ്ഞു.
‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഭിന്നിപ്പിലാണ്’ എന്നര്‍ത്ഥം വരുന്ന തലക്കെട്ടിലായിരുന്നു ടൈം മാഗസിന്റെ കവര്‍ സ്റ്റോറി. ആതിഷ് തസീര്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമങ്ങളെക്കുറിച്ചും യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയമിച്ചതിനെക്കുറിച്ചും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ചുമെല്ലാം പരാമര്‍ശിച്ചിരുന്നു.
പ്രതിപക്ഷമായ കോണ്‍ഗ്രസിനേയും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പു പ്രചാരണം പാരമ്യത്തിലെത്തി നില്‍ക്കെ പുറത്തുവന്ന ലേഖനം വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ ലേഖനമെഴുതിയ ആതിഷ് തസീറിനു സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.