ഗാന്ധിയുടെ ആശയങ്ങള്‍ മുറുകെ പിടിക്കണമെന്ന് മോദി, വേദിയില്‍ പ്രജ്ഞ സിങ് ഠാക്കൂര്‍
India
ഗാന്ധിയുടെ ആശയങ്ങള്‍ മുറുകെ പിടിക്കണമെന്ന് മോദി, വേദിയില്‍ പ്രജ്ഞ സിങ് ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2019, 10:54 pm

ന്യൂദല്‍ഹി: പ്രജ്ഞ സിങ് ഠാക്കൂര്‍ വേദിയിലിരിക്കെ ഗാന്ധിയുടെ ആശയങ്ങള്‍ മുറുകെ പിടിക്കണമെന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.പിമാരോട് നരേന്ദ്ര മോദി. മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും, ഗാന്ധി ഘാതകനെ രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ച ആളുമാണ് ഭോപാലിലെ ബി.ജെ.പി എം.പിയായ പ്രജ്ഞ. എന്‍.ഡി.എ സഖ്യകക്ഷി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

‘ഗാന്ധിയുടെ വാചകങ്ങള്‍ എപ്പോഴും ഓര്‍ക്കുക- നിങ്ങള്‍ ചെയ്യുന്നത് വരിയിലെ അവസാനത്തെ ആളെ വരെ സഹായിക്കാനായിരിക്കണം’- മോദി പറയുന്നു. ‘ഗാന്ധിജി, ദീന്‍ദയാല്‍ ഉപാധ്യായ, രാം മനോഹര്‍ ലോഹ്യ, ബാബാ സാഹെബ് അംബേദ്കര്‍ എന്നിവരുടെ ആശയങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക’- മോദി കൂട്ടിച്ചേര്‍ത്തു.

നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത്, ‘ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു, ഇപ്പോഴും ആണ്, ഇനിയും ആയിരിക്കും’ എന്ന് പ്രജ്ഞ സിങ് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രജ്ഞയ്‌ക്കെതിരെ രംഗത്തെത്താന്‍ പ്രധാനമന്ത്രി പോലും നിര്‍ബന്ധിതനായിരുന്നു.

ലോക്സഭാ കക്ഷി നേതാവായി ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ട മോദി, ഭരണഘടനയെ തലതൊട്ട് വന്ദിച്ചു കൊണ്ടാണ് പ്രസംഗിക്കാന്‍ തുടങ്ങിയത്.

ലോകം മുഴുവന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോദി. തന്നെ നേതാവായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും എന്‍.ഡി.എയുടെ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

എന്‍.ഡി.എയ്ക്ക് കിട്ടിയ ഈ വലിയ ജനവിധി വലിയ ഉത്തരവാദിത്വവും കൊണ്ടു വരുന്നുണ്ട്. അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കില്ല. എന്‍.ഡി.എയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. ഈ വര്‍ഷം മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയെന്നും മോദി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്. പുത്തന്‍ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണം. വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കി. ഭയത്തില്‍ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം എന്നും മോദി പറഞ്ഞു.

പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മള്‍. ഭരണഅനുകൂല ജനവിധിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. വിശ്വാസത്തിന്റെ ചരടിലാണ് ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം മാത്രമല്ല ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടിയാണ് ഈ വിശ്വാസത്തിന് ജന്മം നല്‍കിയത്. ഇവിടെ ഇരിക്കുന്നവരെല്ലാം ജനങ്ങള്‍ നമ്മെ വിശ്വസിച്ചതുകൊണ്ടാണ് എത്തിയത്. അതുകൊണ്ടാണ് വിജയിക്കാന്‍ സാധിച്ചത്- മോദി പറഞ്ഞു.