| Thursday, 23rd May 2019, 10:28 pm

വരാനുള്ള ദിവസങ്ങളില്‍ മോശം ഉദ്ദേശ്യത്തോടെ ഒന്നും ചെയ്യില്ലെന്ന് ഞാന്‍ ഉറപ്പ് തരുന്നു; നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വമ്പിച്ച ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കാനിരിക്കെ, താന്‍ മോശം ഉദ്ദേശ്യത്തോടെ ഒന്നും ചെയ്യില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായി നരേന്ദ്ര മോദി. പാര്‍ട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

‘നമ്മള്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരികെയെത്തിയിരിക്കുന്നു. നമ്മളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണിത് വ്യക്തമാക്കുന്നത്. ഞങ്ങളില്‍ നിന്ന് നിങ്ങള്‍ എന്തു പ്രതീക്ഷിക്കുന്നുവോ അത് ഞങ്ങള്‍ ചെയ്യുമെന്ന് ഞാന്‍ ഉറപ്പു തരുന്നു. എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ ശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നു, ഞാനിത് പറയുന്നത് പൊതു വേദിയിലാണ്. വരാനുള്ള ദിവസങ്ങളില്‍ മോശം ചിന്തയോടെയോ ഉദ്ദേശ്യത്തോടെയോ ഒന്നും തന്നെ ചെയ്യില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. തെറ്റുകളുണ്ടാവാം, എന്നാല്‍ മോശം ഉദ്ദേശ്യത്തോടെ ഒന്നും തന്നെ ചെയ്യില്ല’- മോദി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് നേരത്തെ കപട മതേതരത്വം പറഞ്ഞ് വോട്ടു പിടിക്കുകയായിരുന്നെന്നും, എന്നാല്‍ ഈ പ്രാവശ്യം അതുണ്ടായില്ലെന്നും മോദി പേരുകളൊന്നും ഉപയോഗിക്കാതെ ആരോപിച്ചു. ‘ഈ തെരഞ്ഞെടുപ്പില്‍ മതേതരത്വത്തിന്റെ കപട മുഖംമൂടി അണിഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു പാര്‍ട്ടിക്ക് പോലും ധൈര്യമുണ്ടായില്ല’- മോദി പറയുന്നു.

ജയിച്ച എല്ലാ സ്ഥാനാര്‍ഥികളേയും പാര്‍ട്ടിഭേദമന്യെ മോദി പ്രശംസിച്ചു. ‘ആരെങ്കിലും ജയിച്ചാല്‍ അത് രാജ്യത്തിന്റെയും, പൊതു ജനത്തിന്റെയും, ജനാധിപത്യത്തിന്റെയും ജയമാണ്.  പാര്‍ട്ടി ഭേദമന്യേ വിജയിച്ച എല്ലാ സ്ഥാനാര്‍ഥികളേയും ഞാന്‍ അഭിനന്ദിക്കുന്നു’- മോദി പറയുന്നു.

മെയ് 26ന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷ പദവി ഒഴിയും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്‍.ഡി.എ നിലവില്‍ 350 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പരാജയപ്പെട്ടതും ബി.ജെ.പിക്ക് നേട്ടമായി.

Latest Stories

We use cookies to give you the best possible experience. Learn more