ന്യൂദല്‍ഹി: ഫ്രാന്‍സിലെ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിനെതിരെ ഫ്രാന്‍സിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യ നില്‍ക്കുമെന്നും മോദി പറഞ്ഞു.
ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍പ്പെട്ട ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും ചെയ്തിരുന്നു.
നടന്നത് തീവ്രവാദാക്രമണമാണെന്നാണ് നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി പറഞ്ഞത്.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഫ്രാന്‍സില്‍ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.
അതേസമയം, ഫ്രാന്‍സിന് പിന്തുണയറിയിച്ച് നേരത്തെ ഇന്ത്യ രംഗത്തെത്തിയിരുന്നു.
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെയുള്ള തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ പരാമര്‍ശത്തെ അപലപിക്കുകയും ചെയ്തിരുന്നു.
‘ അന്താരാഷ്ട്ര ക്രമത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ലോകത്തെ ഞെട്ടിച്ച ഒരു ഫ്രഞ്ച് അധ്യാപകന്റെ ജീവനെടുത്ത ക്രൂരമായ ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങളോടും ഞങ്ങള്‍ ദുഃഖം രേഖപ്പെടുത്തുന്നു,’ എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകനാണ് ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സുകാരനായ പ്രതി പൊലീസ് വെടിവെപ്പില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.
വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.