ഹൈദരാബാദ്: കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നു കൊണ്ടിരിക്കുകയാണെന്നും വി. മുരളീധരന്‍ എം.പിയെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ “എന്റെ ബൂത്ത് ഏറ്റവും ശക്തം” എന്ന പരിപാടിയില്‍ ആന്ധ്രപ്രദേശിലെ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്ത് ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ ഹിംസയുടെ വഴി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലെ തങ്ങളുടെ എം.പി വി. മുരളീധരന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞു. അദ്ദേഹത്തെ കൊല്ലാന്‍ നോക്കി. എന്നിട്ട് പോലും ഒരു സമര്‍പ്പണബോധമുള്ള പ്രവര്‍ത്തകനെ പോലെ ഇന്ന് നിങ്ങളുടെ മുന്നില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ നമ്മുടെ പ്രവര്‍ത്തകരെ കൊന്നുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുടെ വിജയത്തില്‍ ഭയക്കുന്ന രാഷ്ട്രീയ എതിരാളികളാണ് ആന്ധയിലടക്കം അക്രമം നടത്തുന്നത്. പേടിയുടെയും അരക്ഷിതാവസ്ഥയുടെയും ലക്ഷണമാണ് ഭീഷണിപ്പെടുത്തലുകളെന്നും മോദി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധപ്രദേശിലെ പ്രചരണങ്ങളുടെ ചുമതല വി. മുരളീധരനും ദിയോധര്‍ റാവുവിനുമാണ് നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് മുരളീധരനെ പറ്റി പറഞ്ഞത്.
അതേസമയം ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളെ അപലപിക്കാതെയാണ് മോദിയുടെ വാക്കുകള്‍.