കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും പ്രകടിപ്പിക്കാനുള്ള ആദ്യയിടമായി മോദി കണക്കാക്കുന്നത് നവ മാധ്യമങ്ങളെ തന്നെയാണെന്ന് നിസംശയം പറയാനും കഴിയും.
നേതാക്കള്‍ ഓരോ വിഷയത്തിലും പറഞ്ഞ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് വളരെ വേഗം കണ്ടെത്താമെന്നതാണ് മോദിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കേരള സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചിത്രങ്ങളാണ് മോദിയുടെ പഴയ ട്വീറ്റുകളുമായി ചേര്‍ത്ത് വച്ചിരിക്കുന്നത്.
2014 ഏപ്രില്‍ ഒമ്പതിന് മോദി കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് കൊണ്ട് ട്വിറ്ററിലിട്ട വാക്കുകളാണ് അമിത് ഷായ്ക്ക് വിനയായത്. “കോണ്‍ഗ്രസ് നേതാക്കള്‍ ദാരിദ്ര മേഖലയില്‍ വിനോദ യാത്ര നടത്തുകയാണ്, അവര്‍ ഗ്രാമങ്ങളിലേക്ക് ക്യാമറയുമായി പോകുന്നു, അവിടെ ദരിദ്രരോടൊപ്പം ഇരുന്ന് അവരുടെ ഭക്ഷണം കഴിച്ച് ചിത്രങ്ങളെടുക്കുകയാണ്” എന്ന മോദിയുടെ പഴയ ട്വീറ്റാണ് ഇന്നത്തെ അമിത് ഷായുടെ സന്ദര്‍ശനവുമായി ചര്‍ച്ചചെയ്യുന്നത്.
Dont miss നടി സുരഭിയ്ക്ക് അശ്വരഥത്തില്‍ സ്വീകരണം; നടപടിക്ക് മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം
കേരള സന്ദര്‍ശത്തിനിടെ ചെങ്കല്‍ചൂളയിലെ ദളിത് കുടുംബത്തിന്റെ വീട്ടില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമാണ് മോദിയുടെ “വിനോദ യാത്ര” നടത്തുന്ന നേതാവെന്ന ട്വീറ്റിനൊപ്പം പ്രചരിക്കുന്നത്. നേരത്തെ കര്‍ണ്ണാടക സന്ദര്‍ശന വേളയില്‍ ദളിത് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ഹോട്ടലിലെ ഭക്ഷണം കഴിച്ച് വിവാദത്തിലകപ്പെട്ട ദേശീയ അധ്യക്ഷനെ തങ്ങളുടെ നേതാവിന്റെ മുന്‍ നിലപാടാണ് കേരളത്തില്‍ വേട്ടയാടുന്നത്.