ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യപ്പെടുത്താനേ പാടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അത്തരമൊരു താരതമ്യം ഇന്ദിരാജിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
സ്‌നേഹവും അതിലേറെ കരുതലുമുള്ള തീരുമാനങ്ങളായിരുന്നു എന്റെ മുത്തശ്ശിയുടേത്. പാവങ്ങളോട് കരുതലുണ്ടായിരുന്നു, എല്ലാവരേയും ഒരുമിപ്പിക്കുന്നതിനായിരുന്നു അവര്‍ ശ്രമിച്ചത്. എന്നാല്‍ മോദിയുടേതോ, വെറുപ്പില്‍ നിന്നും പകയില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ ഓരോ തീരുമാനങ്ങളും ഉണ്ടാകുന്നത്.
മോദിയുടെ ഓരോ തീരുമാനങ്ങളും രാജ്യത്തെ ഭിന്നിപ്പിച്ചു. പാവങ്ങളോടും ദുര്‍ബലരോടും മോദിക്ക് ഒരു സഹാനുഭൂതിയുമില്ല. മമതയുമില്ല. – രാഹുല്‍ പറഞ്ഞു.
താനാണ് ഇന്ത്യയുടെ ഭഗവാന്‍ എന്നാണ് മോദി വിശ്വസിക്കുന്നത്. ബ്രിട്ടീഷുകാരും അങ്ങനെ തന്നെയായിരുന്നു വിശ്വസിച്ചു പോന്നത്. മോദിയുടെ ഒരു സമീപനത്തിലും കോണ്‍ഗ്രസിന് വിശ്വാസമില്ല. ഞങ്ങള്‍ ഒരു കാര്യത്തെ സമീപിച്ച രീതിയിലല്ല അദ്ദേഹം സമീപിക്കുന്നത്.
ഭരണത്തിലും പ്രതിപക്ഷത്തും ഞങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തേയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളേയോ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിച്ചുപോന്നു. കാരണം ഇന്ത്യയുടെ ആത്മാവാണ് ഇത്തരം ഭരണഘടനാ സ്ഥാപനങ്ങള്‍. മോദി ഒരിക്കലും ഇന്ത്യയേക്കാള്‍ മുകളിലല്ല. എല്ലാവരേക്കാളും എല്ലാത്തിനേക്കാളും വലുതാണ് ഇന്ത്യ. അക്കാര്യം മനസിലാക്കണം.
പ്രധാനമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചോദ്യത്തിന് ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും പരാജയപ്പെടുത്തുകയാണ് പ്രാഥമിക ദൗത്യമെന്നും അതുവഴി ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
ഒന്നാമത്തെ ലക്ഷ്യമിതാണ്. അത് കൈവരിച്ചുകഴിഞ്ഞാല്‍ ആര് പ്രധാനമന്ത്രിയാകണമെന്ന് നിശ്ചയിക്കാം. ബി.ജെ.പി പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ ആ പദവിയാണ് ഉപയോഗിച്ചത്. അത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. രാഹുല്‍ വ്യക്തമാക്കി.