മോദി ഒരിക്കലും ചായ വിറ്റിട്ടില്ല, എല്ലാം സഹതാപം കിട്ടാനുള്ള നാടകമാണ്: തൊഗാഡിയ
national news
മോദി ഒരിക്കലും ചായ വിറ്റിട്ടില്ല, എല്ലാം സഹതാപം കിട്ടാനുള്ള നാടകമാണ്: തൊഗാഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd January 2019, 8:15 am

ന്യൂദല്‍ഹി: മോദിയുമായുള്ള തന്റെ 43 വര്‍ഷത്തെ സൗഹൃദത്തിനിടയില്‍ ഒരിക്കല്‍ പോലും അയാള്‍ ചായ വില്‍ക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും “ചായക്കടക്കാരന്‍” പ്രതിഛായ സഹതാപം കിട്ടാനുള്ള മോദിയുടെ തട്ടിപ്പ് മാത്രമാണെന്നും വി.എച്ച്.പി മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ.

ആര്‍.എസ്.എസില്‍ മോദിയ്‌ക്കൊപ്പം ഒരുമിച്ച് വളര്‍ന്ന നേതാവാണ് തൊഗാഡിയ. ആര്‍.എസ്.എസ് പ്രചാരകരായിരിക്കെ 1980 കളില്‍ തൊഗാഡിയ വി.എച്ച്.പിയിലേക്കും മോദിയെ ബി.ജെ.പിയിലും ആയെങ്കിലും തുടക്ക കാലത്ത് മോദിയെ ബി.ജെ.പിയില്‍ പിന്തുണച്ചത് തൊഗാഡിയ ആയിരുന്നു.

മോദിയും അമിത് ഷായും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് എന്ന പേരില്‍ സംഘടനയുണ്ടാക്കി തൊഗാഡിയ വി.എച്ച്.പിയില്‍ നിന്ന് പുറത്തു പോയത്.

കുട്ടിക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ പ്ലാറ്റ്ഫോമുകളിലും തീവണ്ടികളിലും ചായവിറ്റതിന് രേഖകളില്ലെന്ന് ഇന്ത്യന്‍ റെയില്‍വേയും വിവരാവകാശ അപേക്ഷയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അനുഭാവിയും ആക്ടിവിസ്റ്റുമായ തെഹ്സീന്‍ പൂനാവല്ല എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കാണ് റെയില്‍വേ മറുപടി നല്‍കിയത്.