ചെന്നൈ: അവസാനഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹരജിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്. ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി പദം മോദി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നിശബ്ദ പ്രചരണം നടക്കുന്നതിനിടെ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നതില്‍ നിന്ന് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് കോണ്‍ഗ്രസ് ഹരജിയില്‍ ആവശ്യപ്പെട്ടു.
‘പ്രധാനമന്ത്രിയെ ധ്യാനിക്കുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് നടക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശബ്ദ പ്രചരണം ഇതിനോടകം ആരംഭിക്കുകയും ചെയ്തു. പരസ്യമായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അവസരം മെയ് 30ന് തന്നെ അവസാനിച്ചതുമാണ്. പ്രധാനമന്ത്രിയായാലും മറ്റാരായാലും പരസ്യമായി വോട്ട് പിടിക്കുന്നതില്‍ നിന്ന് വിലക്കണം. വിവേകാനന്ദ പാറയില്‍ പ്രധാനമന്ത്രി ധ്യാനത്തിനിരിക്കുന്നത് ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് തന്നെയാണ്,’ കോണ്‍ഗ്രസ് ഹരജിയില്‍ പറഞ്ഞു.
ഔദ്യോഗിക മാധ്യമങ്ങള്‍ വഴി പ്രധാനമന്ത്രിയുടെ ധ്യാനം സംപ്രേക്ഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി ധ്യാനമിരിക്കുന്ന മൂന്ന് ദിവസം വിവേകാനന്ദ പാറയിലേക്ക് പൊതുജനങ്ങളെയും വിനോദ സഞ്ചാരികളെയും തടയുന്നത് വ്യാപാരികളുടെ ഉപജീവനമാര്‍ഗത്തെയടക്കം ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു.
അതിനാല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നടത്തുന്ന ധ്യാനം ഉടന്‍ നിര്‍ത്താന്‍ ഉത്തരവിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച മുതലാണ് കന്യാകുമാരിയിലെ വിവേകാന്ദ പാറയില്‍ മോദി ധ്യാനം ആരംഭിച്ചത്. മൂന്ന് ദിവസമാണ് മോദി ഇവിടെ ധ്യാനമിരിക്കുക. സ്ഥലത്ത് വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: modi meditation madras high court eci elections model code of conduct canvassing vivekanand rock