ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്കും അവരുടെ ചോദ്യങ്ങള്‍ക്കും മുമ്പില്‍ വേലിതീര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലിരിക്കെ സ്വദേശത്തും വിദേശത്തുമായി 775 പ്രസംഗങ്ങള്‍ നടത്തിയ മോദി ഇതുവരെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാനുള്ള ധൈര്യം കാട്ടിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മൂന്നുവര്‍ഷത്തിനിടെ മൂന്നേ മൂന്ന് അഭിമുഖങ്ങള്‍ മാത്രമാണ് നല്‍കിയത്. വാര്‍ത്താസമ്മേളനങ്ങളാകട്ടെ ഒരു തവണപോലും നടത്തിയിട്ടില്ല. (വിദേശരാജ്യങ്ങളില്‍ നടത്തിയ സംയുക്ത പ്രസ്താവന ഒഴിച്ചുനിര്‍ത്തിയാല്‍)
2014 മെയ് 26ന് അധികാരത്തിലെത്തിയതിനു ശേഷം മാസത്തില്‍ 19 എന്ന തോതില്‍ മോദി പ്രസംഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ വെബ്‌സൈറ്റിലെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വെബ്‌സൈറ്റിലെയും കണക്കുകള്‍ പറയുന്നത്. അതായത് ഓരോ മൂന്ന് ദിവസത്തിലും അദ്ദേഹം രണ്ടു പൊതുപ്രസംഗങ്ങളെങ്കിലും നടത്തിയിട്ടുണ്ട്. ഇതില്‍ 166 പ്രസംഗങ്ങളും വിദേശ സന്ദര്‍ശനത്തിനിടെ നടത്തിയതാണ്. അതില്‍ ഏറ്റവുമധികം പ്രസംഗങ്ങള്‍ നടത്തിയത് 2015 നവംബറിലാണ്. 36 പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഇതിനു പുറമേ റേഡിയോയിലൂടെ മന്‍കി ബാത്തും നടത്താറുണ്ട്.
എന്നാല്‍ അധികാരത്തിലെത്തി മൂന്നുവര്‍ഷത്തിനിടെ മൂന്ന് അഭിമുഖങ്ങള്‍ക്കാണ് പ്രധാനമന്ത്രി തയ്യാറായത്. ഇന്ത്യ ടുഡേയിലും റിപ്പബ്ലിക് ചാനലിലും, ന്യൂസ് 18യിലും. അതും വളരെ സെലക്ടീവായി ബി.ജെ.പി അനുകൂലനിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കുവേണ്ടി മാത്രം. മുന്‍ ബി.ജെ.പി മന്ത്രിയായ അരുണ്‍ഷൂരി പറഞ്ഞതുപോലെ “നോര്‍ത്ത് കൊറിയന്‍ ടി.വി”കള്‍ക്കുവേണ്ടി മാത്രം. ഇതെല്ലാം തന്നെ മുന്‍കൂട്ടി ചോദ്യങ്ങള്‍ എഴുതി നല്‍കി അനുമതി വാങ്ങിയശേഷം നല്‍കിയതാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
Also Read: ഹുമയൂണിന്റെ ശവകുടീരം തകര്‍ത്ത് ഖബര്‍സ്ഥാന്‍ ആക്കണമെന്ന് മോദിയോട് ശിയ നേതാവ്
വാര്‍ത്താസമ്മേളനങ്ങളാകട്ടെ മോദി പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. രണ്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്ത പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടാന്‍ സാധ്യതയുണ്ടെന്നാണ് അടുത്തിടെ മോദിയുടെ “മാധ്യമ ഭീതിയെ” തുറന്നുകാട്ടി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരിഹാസം.
മാധ്യമ ചോദ്യങ്ങളെ നേരിടാനുള്ള മോദിയുടെ ഭയം ഗുജറാത്ത് കലാപകാലത്തു തന്നെ പ്രശസ്തമാണ്. ഗുജറാത്ത് കലാപത്തിനുശേഷം ഒരു ചാറ്റ്‌ഷോയില്‍ കലാപവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം ഇറങ്ങിപ്പോയ സംഭവവുമുണ്ടായിരുന്നു.
അധികാരത്തിലെത്തിയശേഷവും പ്രധാനമന്ത്രി ആദ്യം ചെയ്തത് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള പണിയായിരുന്നു.അതിനായി വിദേശയാത്രകളില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം പോകാനുള്ള അവകാശം ഔദ്യോഗിക മാധ്യമത്തിനു മാത്രമാക്കി ചുരുക്കി.
നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങി രാജ്യത്തെ ഏറെ ബാധിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കോ, വിമര്‍ശനങ്ങളോ ഉത്തരം നല്‍കാന്‍ മോദി തയ്യാറായിരുന്നില്ല. മറിച്ച് പതിവുപോലെ പ്രസംഗങ്ങളിലൂടെ തന്റെ നടപടി ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.